തിരുവനന്തപുരം : ലഹരി, സമ്പത്തിനോടുള്ള ആർത്തി, വഴിവിട്ട ജീവിതം തുടങ്ങിയവയ്ക്ക് അടിമപ്പെട്ടവർ അവസാനം എത്തിച്ചേരുന്നത് വലിയ അപകടകെണികളിലാണ്. അങ്ങനെയുള്ളവർ സ്വന്തക്കാരെയും, അയൽവാസികളെയും ക്രൂരമായി കൊല ചെയ്യപ്പെടുന്ന ഒട്ടേറെ സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നമുക്ക് കാണാൻ കഴിഞ്ഞു. ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള ആത്മീയതയും ജീവിതത്തെ മലിനപ്പെടുത്തുന്ന ദുശ്ശീലങ്ങളും തടയുന്നതിനുള്ള സന്ദേശമാണ് റംസാൻ കാലത്ത് നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരള സഹൃദയവേദി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന 3000 ധാന്യ കിറ്റുകളുടെ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് അടിവരയിട്ടിട്ടുള്ളത് നഗ്നമായ യാഥാർത്ഥ്യമാണെന്നും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി തിരുവനന്തപുരം പാണക്കാട് ഹാളിൽ ചേർന്ന സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
വേദി പ്രസിഡണ്ട് ചാന്നാങ്കര എം പി കുഞ്ഞ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാളയം ഇമാം ഡോ. വി. പി. ശുഹൈബ് മൗലവി, വി. കെ. പ്രശാന്ത് എം എൽ എ, ശൂരനാട് രാജശേഖരൻ, അഡ്വ. കണിയാപുരം ഹലിം, ഇ. എം. നജീബ്, അഡ്വ. എം. എ. സിറാജുദീൻ, കായംകുളം യൂനുസ്, പോത്തൻകോട് റാഫി, എ. പി. മിസ്വർ, മൻസൂർ ഗസാലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
വിവിധ കേന്ദ്രങ്ങളിലായി 3000 ഭക്ഷ്യധാന്യ കിറ്റുകളും നൂറുപേർക്ക് സാമ്പത്തികസഹായവും നൽകുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് വേദി പ്രസിഡന്റും റിലീഫ് സെൽ ചെയർമാനുമായ ചാന്നാങ്കര എം പി കുഞ്ഞ് അറിയിച്ചു.
