ആറ്റിങ്ങൽ : അഞ്ച് സർക്കാർ ആശുപത്രികളിൽ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കുന്നതിന് അടൂർ പ്രകാശ് എം പി യുടെ ഫണ്ടിൽ നിന്നും ഒരു വർഷം മുൻപ് അനുവദിച്ച തുകയിൽ പകുതി പോലും ചെലവാക്കിയില്ലെന്ന് ആക്ഷേപം. ചിറയിൻകീഴ് താലൂക്കിലെ വലിയകുന്ന് , ചിറയിൻകീഴ് താലൂക്ക് ആശുപത്രികളിൽ മാത്രമാണ് ഉപകരണങ്ങൾ വാങ്ങി സ്ഥാപിച്ചത്. അനുവദിച്ച 50 ലക്ഷത്തിൽ ഒരു വർഷത്തിനിടെ ചെലവാക്കിയത് 23 ലക്ഷം മാത്രം.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം പി ഫണ്ട് വിനിയോഗിക്കാം എന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2020 മാർച്ചിൽ അനുവദിച്ച തുകയാണ് പൂർണമായും ചെലവാക്കാത്തത്. ചിറയിൻകീഴ് , വർക്കല , നെടുമങ്ങാട് , കാട്ടാക്കട താലൂക്കുകളിലെ അഞ്ച് സർക്കാർ ആശുപത്രികളിൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കുന്നതിനാണ് തുക അനുവദിച്ചത്. 2020 മാർച്ചിൽ തുക അനുവദിച്ചത് സംബന്ധിച്ച് ജില്ലാ കലക്ടർക്ക് എം പി കത്തു നൽകിയിരുന്നു. എന്നാൽ തുക വിനിയോഗിക്കുന്നതിന് കാലതാമസമുണ്ടായതോടെ 2020 ഏപ്രിൽ 9 ന് വീണ്ടും കത്തു നൽകി. രണ്ടാമത്തെ കത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 23 ന് തുക ചെലവാക്കുന്നതിനു ജില്ലാ മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി.
