നാവായിക്കുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നാവായിക്കുളം പഞ്ചായത്ത് അംഗവും സിപിഎം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സഫറുല്ല പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. സഫറുല്ലയും സുഹൃത്തായ സിപിഎം ബ്രാഞ്ച് അംഗം ഷമീറും ചേർന്ന് 6 മാസക്കാലം കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. കഴിഞ്ഞ ദിവസം പള്ളിക്കൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നേതൃത്വത്തിന് എതിരെ നടപടിയും കേസിൽ വിശദമായ അന്വേഷണം വേണമെന്നുള്ള ആവശ്യവും ശക്തമാണ്. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ നേതൃത്വത്തിൽ നാവായിക്കുളം പഞ്ചായത്ത് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.എം.താഹ ഉദ്ഘാടനം ചെയ്തു. 6 മാസം മുൻപ് ആരംഭിച്ച പീഡന വിവരങ്ങൾ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടർ ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തിരുന്നു എന്നും നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഎം ഇടപെട്ട് കേസ് ഒതുക്കി വയ്ക്കുകയായിരുന്നു എന്നും കോൺഗ്രസ് ഉന്നയിച്ചു. പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാനും സിപിഎം നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് നീക്കമുണ്ടായി.
