പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് 100 പവൻ കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കഴക്കൂട്ടം സ്വദേശി വിജീഷിനെയാണ് മംഗലപുരം പൊലീസ് ബുധനാഴ്ച പിടികൂടിയത്. ഇയാളിൽനിന്ന് വളകൾ ഉൾപ്പെടെ സ്വർണാഭരണങ്ങളും കണ്ടെടുത്തു. ഒളിവിൽ കഴിഞ്ഞ വിജീഷ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കവർച്ചസംഘത്തിലെ പ്രധാനികളിൽ ഒരാളാണ് വിജീഷെന്ന് പൊലീസ് വ്യക്തമാക്കി. ആഭരണങ്ങളിൽ ചിലത് കഴക്കൂട്ടത്തെ ഒരു കടയിൽ പണയംവച്ചിരുന്നതും കണ്ടെത്തി. വിജീഷ് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേരിൽ കഴക്കൂട്ടം സ്റ്റേഷനിൽ കേസുണ്ട്. ചൊവ്വാഴ്ച രണ്ട് പ്രതികൾ ആറ്റിങ്ങൽ കോടതിയിൽ കീഴടങ്ങിയിരുന്നു. സിആർപിഎഫ് ക്യാമ്പിനു സമീപം പുതുവൽ പുത്തൻവീട്ടിൽ ഷമീർ, തുണ്ടത്തിൽ നാലുമുക്ക് കുന്നുവിള വീട്ടിൽ മുഹമ്മദ് ഹാഷിം എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും.
