തിരുവനന്തപുരം ജില്ലാപഞ്ചായത്തിന് രണ്ടാംതവണയും ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള 2019-20 വർഷത്തെ ദീൻ ദയാൽ ഉപാധ്യായ ദേശീയ പുരസ്കാരം.
5 കൊല്ലത്തിനിടയിൽ 3 തവണ തുടർച്ചയായി മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സംസ്ഥാന പുരസ്കാരവും 2 തവണ ദേശീയ പുരസ്കാരവും ലഭിച്ചതുൾപ്പെടെ 14 സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ 2015-20 കാലയളവിൽ ജില്ലാ പഞ്ചായത്ത് നേടി.
ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഗിന്നസ് വേൾഡ് റെക്കോഡ് ലഭിക്കുന്നതുൾപ്പെടെ അപൂർവ നേട്ടവും കരസ്ഥമാക്കി. വിവിധ ജനകീയ പദ്ധതികളിലൂടെ ജനങ്ങളോടൊപ്പം ചേർന്നുനിന്നതിന്റെ അടയാളപ്പെടുത്തലാണ് ഈ പുരസ്കാരനേട്ടമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന വി കെ മധു പറഞ്ഞു.
ആരോഗ്യ – കാർഷിക മേഖലയിലടക്കം നടപ്പിലാക്കിയ ജനക്ഷേമപദ്ധതികളും പ്ലാൻഫണ്ടിന്റെ വിനിയോഗവുമാണ് ജില്ലാ പഞ്ചായത്തിനെ വീണ്ടും പുരസ്കാര നിറവിലെത്തിച്ചത്. നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കിയ ‘ആശ്വാസ്’, ജില്ലയെ സമ്പൂർണ്ണ വിശപ്പുരഹിത ജില്ലയാക്കി മാറ്റുന്നതിനുള്ള പദ്ധതിയായ ‘പാഥേയം’, മാനസിക – ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നല്കുന്ന ‘സ്നേഹസ്പർശം’, സ്കൂൾ പെൺ കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്ന ഗിന്നസ് റെക്കോഡ് ലഭിച്ച പദ്ധതിയായ ‘ രക്ഷ’, വിഷരഹിത പാൽ വിതരണത്തിനുള്ള ‘ഗ്രീൻ മില്‍ക്ക്’, മണ്ണ്-ജല സംരക്ഷണത്തിനുള്ള ജലശ്രീ തുടങ്ങി ശ്രദ്ധേയമായ ഒട്ടനവധി തനതു പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ മുന്നിലെത്തിച്ചത്
