ബാലരാമപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിൽ പൊലീസ് പരിശോധന ശക്തമാക്കി. പൊലീസ് പരിധിയിലെ ഉൾപ്രദേശങ്ങളിൽ വാഹന പട്രോളിങ് ഇന്നലെ ആരംഭിച്ചു. ശനിയാഴ്ച ബാലരാമപുരം ജംക്ഷനിൽ മാത്രമായിരുന്നു പരിശോധന. അതിനിടെ സാധനങ്ങൾ വാങ്ങാൻ ഒറ്റയ്ക്ക് ഇറങ്ങിയവരെ പൊലീസ് വിരട്ടി ഓടിച്ചതായി പരാതിയുണ്ട്. ശനിയാഴ്ച വൈകിട്ട് നിരോധനാജ്ഞ പ്രഖ്യാപനം ഉണ്ടായെങ്കിലും ഇന്നലെ രാവിലെ മുതലാണ് ഇത് നടപ്പാക്കാൻ തുടങ്ങിയത്. മുസ്ലിം പള്ളികളിൽ സമൂഹ പ്രാർഥനയും നോമ്പുതുറയും ഒഴിവാക്കിയതായി അതത് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിപ്പ് നൽകിയിട്ടുണ്ട്. സ്ത്രീകൾക്കുവേണ്ടി നടത്തിയിരുന്ന രാത്രിയിലെ പ്രത്യേക നമസ്കാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. വൈകിട്ട് നോമ്പുകഞ്ഞി വിതരണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ ഓട്ടോ സ്റ്റാൻഡുകളിലും മറ്റും നിന്നവരെ പൊലീസ് പറഞ്ഞയച്ചു. കടകൾക്ക് മുന്നിൽ കൂട്ടം കൂടി നിന്നവരെയും സാധനങ്ങൾ വാങ്ങാൻ ഒറ്റയ്ക്ക് എത്തിയവരെയും പൊലീസ് വിരട്ടി വിട്ടു. അതേസമയം കടകൾക്കുള്ളിൽ പരിശോധന നടത്തിയില്ല. നടപ്പാതയിലും റോഡ് വക്കിലും സാധനം ഇറക്കി വച്ചു വിൽപന നടത്തുന്നത് പൊലീസ് കണ്ടില്ലെന്ന് നടിച്ചതായി പറയുന്നു.
