നെയ്യാറ്റിൻകര : തൊഴുക്കൽ സ്പെഷൽ സബ് ജയിലിൽ 20 റിമാൻഡ് പ്രതികൾക്കും 5 ജീവനക്കാർക്കും കോവിഡ്. ജയിലിൽ ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാൾ റിമാന്റ് പ്രതികളെയും തടവുകാരെയും പ്രവേശിപ്പിച്ചതാവാം കാരണം. ജില്ലയിലെ വിവിധ കോടതികൾ റിമാൻഡ് ചെയ്യുന്ന പ്രതികളെയും പരോൾ കഴിഞ്ഞു വരുന്ന തടവുകാരെയും പാർപ്പിക്കുന്ന ക്വാറന്റീൻ കേന്ദ്രം, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ എന്നീ നിലകളിലാണ് നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിൽ പ്രവർത്തിക്കുന്നത്. കോവിഡ് പരിശോധന നടത്തിയ ശേഷമാണ് സാധാരണ തടവുകാരെയും പ്രതികളെയും പ്രവേശിപ്പിക്കാറുള്ളത്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റിൽ 12 പ്രതികൾക്ക് കോവിഡ് പോസിറ്റിവ് ആയി. നേരത്തെ ആർടി–പിസിആർ പരിശോധനയ്ക്കു വിധേയരായവർക്കും ഫലം വന്നപ്പോൾ പോസിറ്റിവ് ആയിരുന്നു. ജയിൽ നടത്തിയ പരിശോധനയിലാണ് ജീവനക്കാരിൽ 5 പേർക്കു വൈറസ് ബാധ കണ്ടെത്തിയത്.
