തിരുവനന്തപുരം : ശസ്ത്രക്രിയ കഴിഞ്ഞവരും വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവരും ഉൾപ്പടെ നിരവധിപേർ മാണിക്കൂറുകളോളം ക്യൂവിൽ നിൽക്കെ പാർട്ടി നേതാക്കൾക്കും ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്കും പിൻവാതിൽ പ്രവേശനം. മുൻ മേയർ അടക്കമുള്ളവർ ക്യൂ നിൽക്കാതെ വാക്സിൻ എടുത്തു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ എല്ലാവർക്കും തുല്യ പരിഗണനയെന്ന സർക്കാർ പ്രഖ്യാപനത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ജിമ്മിജോർജ് സ്റ്റേഡിയത്തിലെ മെഗാ ക്യാംപ്.
പൊരിവെയിലത്ത് ക്യൂ നിന്നവർ കുഴഞ്ഞു വീഴുന്നതിനിടെയിലും പിൻവാതിൽ പ്രവേശനം കൃത്യമായി നടന്നു. 12 മണിയോടെയാണ് മുൻമേയറും മറ്റൊരാളും വാക്സിൻ എടുക്കാനായി എത്തിയത്. കാറിൽ നിന്നിറങ്ങിയ ഇരുവരും നേരെ പോയത് ഉദ്യോഗസ്ഥർക്കു മാത്രമായി അനുവദിച്ചിട്ടുള്ള കവാടത്തിലേക്കാണ്.
പോലീസ് കടത്തി വിടുകയും ചെയ്തു, വാക്സിൻ സ്വീകരിച്ച ഇവർ വേഗത്തിൽ ഇറങ്ങുകയും ചെയ്തു. ക്യൂവിൽ നിന്നവർ പരാതി പറഞ്ഞെങ്കിലും പോലീസ് ചെവികൊണ്ടില്ല.
