സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ഈ വിദ്യാർഥികളുടെ ഫലപ്രഖ്യാപനത്തിനുള്ള രൂപരേഖ ഒരാഴ്ചയ്ക്കകം തയാറാക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്.പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.
സിബിഎസ്ഇ 12 പരീക്ഷ: പുതിയ തീയതി ജൂൺ ഒന്നിന്
കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവയ്ക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.12–ാം ക്ലാസ് പരീക്ഷയ്ക്കുള്ള പുതിയ തീയതി ജൂൺ ഒന്നിനു തീരുമാനിക്കും.
ഐസിഎസ്ഇ, ഐഎസ്സി: തീരുമാനമായില്ല
ഐസിഎസ്ഇ 10, ഐഎസ്സി 12 പരീക്ഷകളുടെ കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നുമാണ് ഐഎസ്സിഇ കൗൺസിൽ സിഇഒ ജെറി ആരത്തൂൺ അറിയിച്ചു.
നീറ്റ് പിജി മാറ്റി.
മെഡിക്കൽ ഉപരിപഠനത്തിനുള്ള ഞായറാഴ്ചത്തെ നീറ്റ് പിജി പ്രവേശനപരീക്ഷ മാറ്റിവച്ചു.
പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്വർധൻ അറിയിച്ചു.
അതേസമയം, ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിൻ ഏപ്രിൽ സെഷൻ 27 മുതൽ 30 വരെ നടക്കാനിരിക്കുകയാണ്. അഡ്മിറ്റ് കാർഡ് വൈകാതെ നൽകുമെന്നാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരിക്കുന്നത്.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ തുടരും.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ തുടരും. വിദ്യാർഥികൾ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ വന്നുപോകുന്നതാകും ഉചിതമെന്നു ചീഫ് സെക്രട്ടറി വി. പി. ജോയ് പറഞ്ഞു.
പ്ലസ്ടു പരീക്ഷകൾ 26 വരെയും എസ്എസ്എൽസി 29 വരെയുമാണ്.
