മംഗലപുരം പള്ളിപ്പുറത്ത് സ്വർണ്ണ വ്യാപാരിയെ തടഞ്ഞ് നിർത്തി വെട്ടിപരിക്കേൽപിച്ച് 100 പവൻ കവർന്ന കേസിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമാതുറ കൊട്ടാരംതുരുത്ത്, പടിഞ്ഞാറ്റുവിള വീട്ടിൽ അൻസർ (28), തൊളിക്കോട് മാങ്കോട്ടു വിള നൗഫൽ (29), അണ്ടൂർക്കോണം വെള്ളൂർ ഫൈസൽ (23), സഹായികളായ മംഗലപുരം സ്വദേശി അൽഅമീൻ (20), പോത്തൻകോട് ഐരൂപ്പാറ ഷഹനാസ് (22), താമരക്കുളം സ്വദേശി നബീൽ എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ 11:30 ഓടെ പ്രതികളെ പെരുമാതുറ ,പള്ളിപ്പുറം എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി എത്തിച്ചു.
കഴിഞ്ഞ 9-ാം തീയതിയാണ് മഹാരാഷ്ട്രക്കാരനായ നെയ്യാറ്റിൻകരയിൽ ജൂവലറി നടത്തുന്ന സ്വർണ്ണ വ്യാപാരി സമ്പത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച് 100 പവൻ സ്വർണ്ണം കവർന്നത്. പാറശാല ഭാഗത്ത് നിന്ന് കാറിൽ വന്ന സമ്പത്തിനെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അരുണിനെയുമാണ് ആക്രമിച്ചത്.
ഇവരുടെ കാറിനെ പിന്തുടർന്ന് രണ്ടു കാറുകളിലായി എത്തിയ എട്ടംഗ സംഘം ടെക്നോസിറ്റിക്കടുത്ത് വച്ച് കാർ തടഞ്ഞ് സമ്പത്തിന്റെ മുഖത്ത് മുളക് പൊടി വിതറി കൈയിൽ വെട്ടിയ ശേഷമാണ് സ്വർണം തട്ടിയെടുത്തത്. തുടർന്ന് അക്രമികൾ ഡ്രൈവർ അരുണിനെ ബലമായി കാറിൽ പിടിച്ചു കയറ്റി വാവാറയമ്പലത്തിനടുത്ത് കൊണ്ടു പോയി വഴിയിൽ തള്ളിയിട്ട് കടന്നു കളയുകയായിരുന്നു. സംഭവത്തിന് ശേഷം പൊലീസ് പ്രത്യേക സ്ക്വാഡ് രൂപികരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു
