ആറ്റിങ്ങൽ: കൊവിഡ് 19 രണ്ടാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ 31 വാർഡിലെയും കൗൺസിലർമാർ, ആശാവർക്കർമാർ ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി യോഗം വിളിച്ച് ചേർത്തത്. മോണിറ്ററിംഗ് കമ്മിറ്റി പരിശോധിച്ച് കണ്ടെത്തിയ തീരുമാനങ്ങളാണ് അടിയന്തിരമായി വാർഡുകളിൽ നടപ്പിലാക്കുന്നത്. വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ആരോഗ്യ പ്രവർത്തകർക്ക് സാനിട്ടേസർ, മാസ്ക്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എത്തിച്ചേരാൻ സാധിക്കാത്ത വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ 2 ദിവസത്തിനകം വ്യക്തമായ വിശദീകരണം നൽകണം. അല്ലാത്തവർക്കെതിരെ നഗരസഭ കർശന നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വച്ച് പ്രതിരോധ വാക്സിനുകൾ ലഭ്യമാക്കും. കൂടാതെ വാർഡിലെ ആരോഗ്യ പ്രവർത്തകർ മുഖേന ഹോമിയൊ പ്രതിരോധ മരുന്നും വിതരണം ചെയ്യും. നഗരവാസികൾക്ക് മതിയായ രീതിയിൽ ബോധവൽക്കരണം നടത്തുന്നതിനും കർശനമായും പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൈക്ക് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചതായി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
നഗരസഭാ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, കൗൺസിലർമാർ സെക്രട്ടറി എസ്. വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജെ.എച്ച്.ഐ മഞ്ചു, ജെ.പി.എച്ച്.എൻമാരായ സുമ, ശ്രീജാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
