രോഗിയായ ഭാര്യയുമായി ആശുപത്രിയിൽ പോകുകയായിരുന്ന നെടുമങ്ങാട് മുൻ നഗരസഭ കൗൺസിലറെ തടഞ്ഞ് പൊലീസ് പിഴ ഈടാക്കിയതായി പരാതി. കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്ന ഭാര്യക്ക് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് നെടുമങ്ങാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം.കോവിഡ് രോഗികൾ കൂടുതലായതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യങ്ങളില്ലാത്തതിനാലാണ് ഡോക്ടറുടെ നിർദേശ പ്രകാരം സ്വവസതിയിൽ തന്നെ ക്വാറൻറീൻ ഇരിക്കുകയും സമയമനുസരിച്ച് ആശുപത്രിയിലെത്തി ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തുവന്നിരുന്നത്. രണ്ടു ദിവസമായി നാലു മണിക്കൂർ ഇടവിട്ട് ഇഞ്ചക്ഷൻ എടുത്തുവരികയാണ് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ കെ.ജെ. ബിനു പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ട് ഭാര്യക്ക് ശ്വാസതടസ്സമുണ്ടായതോടെ ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് വിളിച്ചിട്ടും ലഭ്യമാകാത്ത സാഹചര്യത്തിൽ ഭാര്യയെ ഇരുചക്ര വാഹനത്തിെൻറ പിൻസീറ്റിൽ ഇരുത്തി ആശുപത്രിയിലേക്ക് പുറപ്പെട്ട ബിനുവിനെ വാളിക്കോട് ജങ്ഷനിൽ വച്ചാണ് പൊലീസാണ് തടഞ്ഞത്. ആശുപത്രി രേഖകൾ സഹിതം കാണിച്ച് സബ്ഇൻസ്പെക്ടറെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കാതെ മിനിറ്റുകളോളം അവിടെ തടഞ്ഞുവെക്കുകയും ഇതിനിടയിൽ ശ്വാസം ലഭിക്കാതെ ഭാര്യ വളരെയധികം ബുദ്ധിമുട്ടുകയും ചെയ്തു. ഇതുകണ്ട് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടറും ഒപ്പമുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടറും രോഗിയെ നല്ല അഭിനയമെന്നുപറഞ്ഞ് പരിഹസിച്ച് ചിരിക്കുകയും ചെയ്തതായും കെജെ ബിനുവിന്റെ പരാതിയിൽ പരാതിയിൽ പറയുന്നു. പിൻ സീറ്റിൽ ഇരുന്ന രോഗിയായ ഭാര്യ ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കിയ ശേഷമാണ് ഇവരെ പോകാൻ അനുവദിച്ചതെന്നും ബിനു പറയുന്നു. പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ ഇത്തരത്തിൽ രോഗിയെ വഴിയിൽ തടഞ്ഞിട്ട് ചികിത്സ നിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷനും ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും വെർച്വലായി പരാതി നൽകിയാതായി കെജെ ബിനു പറഞ്ഞു.
