തിരുവനന്തപുരം നഗരസഭ കൗൺസിലിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബി.ജെ.പി അംഗങ്ങൾ. നഗരസഭാ കൗൺസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി നടത്താൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. അതനുസരിച്ച് എൽ.ഡി.എഫ്, ബി.ജെ.പി, യു.ഡി.എഫ് കക്ഷികളിൽ നിന്നായി ആകെ 20 അംഗങ്ങൾ കൗൺസിൽ ഹാളിനുള്ളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും, മറ്റുള്ളവർ ഓൺലൈനായും പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം ലംഘിച്ചുകൊണ്ട് ബി.ജെ.പി അംഗങ്ങൾ കൗൺസിൽ ലോഞ്ചിൽ പ്ലക്കാർഡുകളുമായി കൂട്ടം കൂടുകയാണുണ്ടായത്. നിരവധി തവണ കൂട്ടംകൂടിനിന്ന അംഗങ്ങളോട് മാറിയിരിക്കുവാൻ ആവശ്യപ്പെട്ടും, സ്റ്റാന്റിംഗ് കമ്മറ്റികൾക്കായി അനുവദിച്ചിട്ടുള്ള തൊട്ടടുത്ത മുറികളിൽ മാറിയിരിക്കാനെങ്കിലും തയ്യാറാകണമെന്ന് മേയർ അറിയിച്ചു . തുടർച്ചയായി ആവശ്യപ്പെട്ടിട്ടും അവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ചില അജണ്ടകൾ അടുത്ത കൗൺസിലിലേയ്ക്ക് മാറ്റിവച്ചും, മറ്റുള്ളവ അംഗീകരിച്ചതായും അറിയിച്ച് മേയർ സഭ പിരിച്ചുവിട്ടു. തുടർന്ന് ബി.ജെ.പി. അംഗങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പ്രകടനവും നടത്തി.
