നെയ്യാറ്റിൻകര: നെയ്യാർ നദി ഇപ്പോൾ മാലിന്യവാഹിനിയാണ്. മാലിന്യവും പാഴ്ക്കുപ്പികളും നിറഞ്ഞ് നദിയുടെ ഒഴുക്കുതന്നെ നിലച്ചിരിക്കുകയാണ്. മാലിന്യമയമായ നെയ്യാറിലെ ജലത്തിൽ ഇരുമ്പിന്റെയും ഇ-കോളിഫോം ബാക്ടീരിയയുടെയും അളവു കൂടുതലാണ്.
അഗസ്ത്യാർകൂടത്തിൽനിന്ന് ഉത്ഭവിച്ച് പൂവാറിലെത്തി കടലിൽ പതിക്കുന്ന നെയ്യാറിന് സംസ്ഥാനത്തെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ 21-ാം സ്ഥാനമാണുള്ളത്.
56 കിലോ മീറ്റർ നീളമുള്ള നദി ഇന്ന് മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്. പാഴ്ക്കുപ്പികൾ അടക്കമുള്ള മാലിന്യങ്ങൾ നദിയിലേക്ക് വലിച്ചെറിയുകയാണ്. നദിയിലേക്ക് കക്കൂസ് മാലിന്യം വരെ കൊണ്ടുതള്ളുന്നു.
ജല അതോറിറ്റിയുടെ വിവിധ കുടിവെള്ള പദ്ധതികൾക്ക് ആശ്രയം നെയ്യാറാണ്. മാലിന്യനിക്ഷേപം കാരണം മലിനമായ നെയ്യാറിലെ വെള്ളമാണ് കുടിവെള്ളത്തിനായി പമ്പ് ചെയ്തു കയറ്റുന്നത്. സെസും പരിസ്ഥിതി സംഘടനകളും പലഘട്ടത്തിലായി നടത്തിയ പരിശോധനകളിൽ നെയ്യാറിലെ ജലത്തിൽ ഇ-കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്
