പണി പൂർത്തിയാകാത്ത കഴക്കൂട്ടം- കാരോട് ദേശീയപാത ടോൾ പിരിവിനെതിരെ പ്രതിഷേധം. റോഡ് പണി പൂർത്തിയാകും മുൻപ് ടോൾ പിരിക്കുന്നതിനെതിരെ സിപിഐഎമ്മും, യൂത്ത് കോൺഗ്രസും രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് പിരിവ് താൽക്കാലികമായി നിർത്തിവച്ചു. നേരത്തെയും ടോൾ പിരിക്കാനുള്ള ശ്രമം നടന്നിരുന്നു. അന്ന് പ്രതിഷേധം ഉണ്ടായ പശ്ചാത്തലത്തില്‍ നടപടി മാറ്റിവെയ്ക്കുകയായിരുന്നു. അന്നത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സർവകക്ഷിയോഗം വിളിച്ച് ധാരണ ആയ ശേഷമേ ടോൾ പിരിവ് തുടങ്ങൂ എന്നാണ് അന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പു നൽകിയത്. എന്നാൽ ഇന്ന് രാവിലെയോടെ വീണ്ടും ടോൾ പിരിവ് ആരംഭിക്കുകയായിരുന്നു. ഇതോടെയാണ് സിപിഐഎം – യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്
നാളെ മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കോവളം എംഎൽഎ വിൻസെൻ്റ് പറഞ്ഞു. അതേസമയം, ഇന്നുമുതൽ ടോൾ പിരിക്കാൻ ദേശീയപാത അതോറിറ്റി ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് കരാർ കമ്പനി പറയുന്നത്. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന നാട്ടുകാർക്ക് 285 രൂപയുടെ ഒരു മാസത്തെ പാസുണ്ടെന്നും കമ്പനി പറയുന്നു
