അമ്പൂരി: അമ്പൂരിയിൽ ഗൃഹനാഥനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ കുറ്റം സമ്മതിച്ചു.സെൽവമുത്തുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഭാര്യ സുമലത നെയ്യാർഡാം പോലീസിനോട് വെളിപ്പെടുത്തി. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്ന നിഗമനത്തിലാണ് പോലീസെങ്കിലും കൊല്ലപ്പെട്ട സെൽവ മുത്തുവും ഭാര്യ സുമലതയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ശനിയാഴ്ച പുലർച്ചെയാണ് മലയോര ഗ്രാമമായ അമ്പൂരിയെ നടുക്കിയ കൊലപാതകം നടന്നത്.
ശനിയാഴ്ച പുലർച്ചെയാണ് അമ്പൂരി കണ്ടംതിട്ട ജിബിൻ ഭവനിൽ സെൽവമുത്തു(52) വെട്ടേറ്റ് മരിച്ചത്.ഭാര്യ സുമലത തന്നെയാണ് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോൾ ടാപ്പിങ് തൊഴിലാളിയായ സെൽവമുത്തു ജോലിക്കിടെ വീണ് പരിക്കേറ്റ് കിടക്കുകയാണെന്നാണ് സുമലത പറഞ്ഞിരുന്നത്. സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോൾ സെൽവമുത്തുവിന്റ തലയിലും കഴുത്തിലും ആഴത്തിലുള്ള വെട്ടേറ്റ മുറിവുകൾ കണ്ടെത്തി. തുടർന്ന് നെയ്യാർഡാം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തലയിലും കഴുത്തിലും വെട്ടേറ്റനിലയിൽ കിടക്കയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ സുമലതയെ നെയ്യാർഡാം പോലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്.
ഇവർക്ക് മൂന്നു മക്കളാണുള്ളത്. മൂത്തമകൻ ജിബിൻ ബെംഗളൂരുവിലാണ്. ഓട്ടിസം ബാധിതനായ രണ്ടാമത്തെ മകൻ ജിത്തുവും നാലുവയസുകാരൻ ജിനോയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുമലത മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ ആണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനായി ചികിത്സയും തേടിയിട്ടുണ്ട്.മുൻപും ഭാര്യയും ഭർത്താവും തമ്മിൽ കുടുംബവഴക്കും പതിവായിരുന്നു. .സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ജിത്തു, ജിനോ എന്നിവർ പ്രായപൂർത്തിയാകാത്ത കുട്ടികളാണ്.നെയ്യാറ്റിൻകര ഡി വൈ എസ് പി അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. സുമലതയെ കോടതിയിൽ ഹാജരാക്കി ചിത്രം :മരണമടഞ്ഞ സെൽവ മുത്തുവും ഭാര്യ സുമലതയും
