വാമനപുരം എക്സൈസ് സംഘം പിരപ്പൻകോട് ഭാഗത്ത് നടത്തിയ വ്യാപകമായ പരിശോധനയിൽ 1. 100 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വിൽപ്പന നടത്തിവന്ന പിരപ്പൻകോട് പുത്തൻ മഠത്തിൽ വൈശാഖിനെ അറസ്റ്റ് ചെയ്തു. പിരപ്പൻകോട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കുറച്ചുനാളായി എക്സൈസ് ഷാഡോ സംഘം പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
ക്ഷേത്ര പൂജാരിയായ പ്രതി വൻതോതിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ അറിവായി. വെമ്പായം, വെഞ്ഞാറമൂട്, പോത്തൻകോട് ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ വൈശാഖ് . കഞ്ചാവ് വിൽപ്പന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയിക്കുന്നു. കൂടുതൽ ആളുകളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ബിനു
താജുദ്ദീൻ, പി .ഡി. പ്രസാദ് , സിവിൽ എക്സൈസ് ഓഫീസർമാരായ സജികുമാർ, അൻസർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു.

