മൃഗ ചികിത്സക്കായി ക്ഷീര കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ എന്നീ ജില്ലകളിൽ 1000ത്തിലധികം ക്ഷീര സംഘങ്ങളുള്ള മിൽമയുടെ എറണാകുളം മേഖലയിൽ, 18 കേന്ദ്രങ്ങളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന, സൗജന്യമായി മരുന്നുകൾ ഉൾപ്പടെ ലഭ്യമാകുന്ന മൃഗചികിത്സാ സംവിധാനം ആരംഭിക്കുകയാണ്. ഇതിന്റെ മേഖലാതല ഉദ്ഘാടനം 10-10-2021 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് മിൽമയുടെ മൂവാറ്റുപുഴ മിൽക്ക് ചില്ലിങ് പ്ലാന്റ് ക്യാമ്പസിൽവെച്ച് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. മിൽമ ഫെഡറേഷൻ ചെയർമാൻ കെ. എസ്. മണി, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ. എൻ. രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, മുൻ എം.പി. ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എ. മാരായ ജോസഫ് വാഴക്കൻ, എൽദോ എബ്രഹാം, ജോണി നെല്ലൂർ, ബാബു പോൾ, മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ പി.പി.എൽദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി. പി. സുരേഷ് കുമാർ, നഗരസഭാ കൗൺസിലർ കെ.കെ. സുബൈർ തുടങ്ങിയവർ പങ്കെടുക്കും. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് നടക്കുന്ന, മിൽമയുടെ ഭരണസമിതി അംഗങ്ങൾ, ക്ഷീര വികസനവകുപ്പിലെയും മിൽമയിലെയും ഉദ്യോഗസ്ഥർ, മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് അറിയിച്ചു.
