പുതുമുഖ സംവിധായക ലക്ഷ്മി പുഷ്പയുടെ ‘കൊമ്പൽ’ എന്ന ഹ്രസ്വചിത്രം പ്രതിമാസ ചലച്ചിത്രമേളയായ കാൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ സമ്മാനിതമായി. ഇതോടെ ചിത്രം 2022ൽ നടക്കുന്ന കാൻ ഗ്രാൻഡ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പ്രതിമാസ ഹൃസ്വചിത്ര മേളയിൽ ഒക്ടോബർ മാസത്തെ മത്സരത്തിലാണ് പിആർഡിയിൽ വെബ് ആൻഡ് ന്യൂ മീഡിയയിൽ റിസർച്ച് അസ്സിസ്റ്റന്റായ ലക്ഷ്മി പുഷ്പയുടെ .ചിത്രം മത്സരിച്ചത്. പ്രതിമാസ മത്സരങ്ങളിൽ വിജയിക്കുന്ന ചിത്രങ്ങൾക്ക് ലോകത്തെ ഏറ്റവും വിലമതിക്കപ്പെടുന്ന കാൻ ചലച്ചിത്രോത്സവത്തിൽ മത്സരിക്കാം. പ്രതിമാസ വിജയികളുടെ പേരുകൾ ഐഎംഡിബി ലിസ്റ്റിൽ പെടുത്തും.
ഇതിനകം തന്നെ നിരവധി ചലച്ചിത്രമേളകളിൽ ‘കൊമ്പൽ’ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഒരു സ്ത്രീയുടെ മാനസിക ഭൗതീക ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ചലച്ചിത്ര വേദികളിലെല്ലാം തന്നെ മികച്ച പ്രതികരണമാണ് നേടിയെടുത്തിട്ടുള്ളത്. ജോളി ചിറയത്ത് നായികയായ ചിത്രത്തിൽ ബൈജു നെറ്റോ, വിഷ്ണു സനൽ കുമാർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
മ്യൂസിയം ടാക്കിസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മദ്രാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മികച്ച നടിക്കുള്ള അവാർഡ് ചിത്രം നേടി.കൂടാതെ മദ്രാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയെക്കൂടാതെ മികച്ച തിരക്കഥ, മികച്ച സംവിധാനം എന്നീ അവാർഡുകളും ചിത്രത്തിനാണ്.

Very good