സിനിമ മുഴുവന്‍ തെറി സംഭാഷണമാണ് എന്നായിരുന്നു ചിത്രത്തിന് എതിരെ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ സിനിമയ്ക്ക് എതിരെ എത്തിയിരിക്കുകയാണ്. ഇടുക്കിയിലെ ചുരുളി ഗ്രാമവാസികളാണ് സിനിമക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
സിനിമയിലെ ചില സംഭാഷണങ്ങള്‍ ഗ്രാമവാസികളെ അവഹേളിക്കുന്ന തരത്തില്‍ അവതരിപ്പിക്കപ്പെട്ടതിലാണ് നാട്ടുകാരുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി ചുരുളി സിനിമക്കെതിരെ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളി ഗ്രാമവാസികള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
സിനിമയിലെ തങ്ങളുടെ ഗ്രാമത്തിന് അപമാനമുണ്ടാക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ- സാംസ്കാരിക മന്ത്രി സജി ചെറിയാന് നിവേദനം നല്‍കാനൊരുങ്ങുകയാണ് ചുരുളിക്കാര്‍. സിനിമ ശ്രദ്ധ നേടിയതോടെ നാട്ടിലും വിദേശത്തുമുള്ള ബന്ധുക്കളുമെല്ലാം ഇതാണോ ചുരുളിക്കാരുടെ സംസ്കാരമെന്ന് വരെ ചോദിക്കാന്‍ തുടങ്ങിയെന്ന് ഗ്രാമവാസികള്‍ പറയുന്നു.
മലയോര കര്‍ഷകര്‍ക്ക് മൊത്തം അപമാനം വരുത്തി വയ്ക്കുന്നതാണ് ചുരുളി സിനിമയെന്നാണ് ഇവരുടെ വിമര്‍ശനം.ഒരു മദ്യശാല പോലുമില്ലാത്ത മലയോര ഗ്രാമമാണ് ചുരുളി. എന്നാല്‍ ഗ്രാമത്തിന്റെ മുഖച്ഛായയ്ക്കു കളങ്കം വരുത്തുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
