എയർട്ടെല്ലിന് പിന്നാലെ വൊഡാഫോൺ ഐഡിയയും പ്രീ പെയ്ഡ് നിരക്കുകൾ കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയർടെൽ കൂട്ടിയത്. പുതിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും. പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് തൽകാലം വർധനയില്ല. എയർടെൽ നിലവിലെ 79 രൂപയുടെ റീചാർജ് പ്ലാൻ 99 രൂപയാക്കി മാറ്റിയിട്ടുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി. ഇപ്രകാരം എല്ലാ പ്ലാനുകളുടെയും നിരക്ക് കൂട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെ വൊഡാഫോൻ ഐഡിയയും നിരക്ക് വർധന പ്രഖ്യാപിച്ചു.
ഇപ്പോഴത്തെ കണക്ക് പ്രകാരം ടെലികോം കമ്പനികള്‍ ഉദ്ദേശിക്കുന്നത്, വരുമാനത്തിലെ കുതിച്ചുചാട്ടമാണ്. ആളോഹരി വരുമാനത്തില്‍ വര്‍ദ്ധനവ് വേണം എന്നതാണ് ഈ നിരക്ക് വര്‍ദ്ധനവിന്റെ അടിസ്ഥാനമായി അവര്‍ പറയുന്നത്. അതായത് 20 മുതല്‍ 25 ശതമാനം താരിഫ് നിരക്ക് വര്‍ദ്ധനവാണ് എയര്‍ടെല്‍, വി എന്നിവ വരുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷമായി ടെലികോം മേഖലയില്‍ വലിയ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത് എന്നാണ് എയര്‍ടെല്‍, വി എന്നിവയുടെ വാദം.
2016 ല്‍ റിലയന്‍സ് ജിയോ കടന്നുവന്നതോടെ കോള്‍ നിരക്കുകളും, ഇന്റന്‍നെറ്റ് ഡാറ്റ നിരക്കുകളും കുത്തനെ കുറഞ്ഞതോടെ മത്സരത്തില്‍ പിടിച്ചുനില്ക്കാന് സാധിക്കാതെ പല ടെലികോം കമ്പനികളും പൂട്ടി. വോഡഫോണും ഐഡിയയും പിടിച്ചുനില്ക്കാന് ഒന്നായി. എന്നാല്‍ പ്രതിസന്ധി അതിന്റെ പരകോടിയില്‍ എത്തിയിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി. എജിആര്‍ കേസിലെ വിധി വന്നതോടെ രാജ്യത്തെ ടെലികോം മേഖല വലിയ പ്രതിസന്ധിയിലായി. ഇത് അടുത്ത ഘട്ടം ടെലികോം വികാസത്തെ ബാധിക്കും എന്ന അവസ്ഥയിലാണ് മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ടെലികോം മേഖലയ്ക്ക് ചില ആശ്വാസങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായികുന്നു നിരക്ക് വര്‍ദ്ധനയ്ക്കുള്ള സാഹചര്യം ഒരുക്കല്‍ അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്. ഡിസംബര്‍ 2019 ല്‍ ഇത്തരത്തില്‍ ഒരു നിരക്ക് വര്‍ദ്ധനവ് ടെലികോം കമ്പനികള്‍ നടത്തിയിരുന്നു.
സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാറിലേക്ക് വി, എയര്‍ടെല്‍ എന്നിവര്‍ അടക്കേണ്ടിവരുന്ന എജിആര്‍ തുക യഥാക്രമം 58,250 കോടി രൂപയും, 43,890 രൂപയുമാണ്. ഇതിന് നാല് വര്‍ഷത്തേക്ക് കേന്ദ്രം മോറട്ടോറിയം നല്‍കിയിട്ടുണ്ട്. നാല് വര്‍ഷം കഴിഞ്ഞാല്‍ ഇത് അടയ്ക്കണം എന്നതിനാല്‍ ഇപ്പോള്‍ തന്നെ വിഭവ സമാഹരണം നടത്തണം എന്നതാണ് ഈ കമ്പനികള്‍ നിരക്ക് വര്‍ദ്ധനയിലൂടെ ഉദ്ദേശിക്കുന്ന പ്രധാന ലക്ഷ്യം
