ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചുകൊണ്ടല്ല മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്തു ശതമാനം സംവരണം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കമ്മീഷൻ നടത്തുന്ന സാമൂഹ്യ സാമ്പത്തിക സർവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പത്തു ശതമാനം സംവരണം പുതിയാതി ഏർപ്പെടുത്തുമ്പോൾ നേരത്തെ ഉണ്ടായിരുന്ന സംവരണം ആർക്കും നഷ്ടമാവില്ല. എന്നാൽ പത്തു ശതമാനം സംവരണം മുൻനിർത്തി വലിയ വിവാദത്തിനാണ് ചിലരുടെ ശ്രമം. നിലവിലെ സംവരണത്തെ അട്ടിമറിച്ചാണ് സാമ്പത്തിക സംവരണം സർക്കാർ നടപ്പാക്കിയതെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഇതിൽ ഒരു അട്ടിമറിയും ഉണ്ടായിട്ടില്ല. സംവരണത്തെ വൈകാരിക പ്രശ്നമാക്കി വളർത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നവർ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പട്ടികജാതി പട്ടികവർഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർക്കും സർക്കാർ ജോലിയിൽ സംവരണമുണ്ട്. അത് തുടരുക തന്നെ ചെയ്യും. അതിൽ ആർക്കും സംശയം വേണ്ട. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കു തന്നെ കിട്ടുകയും ചെയ്യും.
ജാതി ഘടകങ്ങൾ മാത്രമേ സംവരണത്തിന് അടിസ്ഥാനമാകാവൂ എന്നാണ് ഒരു വാദം. സാമ്പത്തിക ഘടകം മാത്രമേ അടിസ്ഥാമാക്കാവൂ എന്നാണ് മറ്റൊരു വാദം. സാമൂഹ്യ യാഥാർത്ഥ്യം ഗൗരവമായി കണക്കിലെടുത്തുള്ള സമീപനമാണ് ഇത്തരം ഒരു നടപടിയിലേക്ക് എത്തിച്ചത്. ഏതെങ്കിലും ഒരു വിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നതുകൊണ്ടാണ് തങ്ങൾക്ക് ആനുകൂല്യം കിട്ടാത്തതെന്ന മട്ടിൽ വാദിക്കുന്ന ഒരു പ്രവണതയുണ്ട്. ഇത് ശരിയല്ല. എല്ലാവർക്കും ജീവിതയോഗ്യമായ സാഹചര്യം ഉണ്ടാവുക എന്നതാണ് പ്രധാനം. അടിസ്ഥാനപരമായി ഇത്തരം ഒരു അവസ്ഥയ്ക്ക് അറുതി വരുത്താൻ കൂട്ടായ പോരാട്ടമാണ് നടത്തേണ്ടത്. ആ പോരാട്ടത്തിൽ അണിനിരക്കേണ്ട വിഭാഗത്തെ ഭിന്നിപ്പിച്ച് അതിനെ ക്ഷീണിപ്പിക്കുന്ന അസ്ഥയാണ് പരസ്പരം ആരോപണം ഉന്നയിക്കുന്നതിലൂടെ ഉണ്ടാവുകയെന്ന് നാം തിരിച്ചറിയണം. സവരണ വിഭാഗങ്ങളും സംവരണേതരവിഭാഗങ്ങളും തമ്മിലെ സംഘർഷമല്ല, അവരെ പരസ്പരം യോജിപ്പിച്ച് സാമൂഹ്യവും സാമ്പത്തികവുമായ അവശതയ്ക്ക് എതിരായ പൊതുസമര നിരയാണ് രാജ്യത്ത് ഉയർന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു
