January 15, 2026

മാറനല്ലൂർ: ദർശനയ്ക്കും, ദിവ്യയ്ക്കും, ദൃശ്യയ്ക്കും ഇന്നുമുതൽ അമ്മുമ്മയോടൊപ്പം ”പരമേശ്വരീയത്തിൽ” അന്തിയുറങ്ങാം. ഒരു വർഷം മുൻപ് മൂന്ന് പെൺമക്കളെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ സുധകുമാരിയുടെ പറക്കമുറ്റാതെ പകച്ചുനിന്ന പെൺമക്കൾക്ക് വീടൊരുക്കിയത് സേവാഭാരതിയാണ്. രണ്ടുവർഷം മുൻപ് ചീനിവിളയിൽ രാജേഷ് ഭവൻ എന്ന തകർന്നുവീഴാറായ പഴയ വീട്ടിൽ തുടർന്ന് കഴിയാനാവാതെ വന്നപ്പോൾ ഈ കുടുംബം വാടകവീട്ടിലേക്ക് താമസ്സം മാറ്റി. ബന്ധുക്കളാരും സഹായിക്കാനെത്തിയില്ല. മക്കളെ വളർത്താൻ സുധകുമാരി കഷ്ടപ്പെട്ടു. തുണിക്കടയിലെ തൊഴിലാളിയായി ജീവിതം തള്ളിനീക്കുമ്പോൾ കൊറോണക്കാലം ആ തൊഴിൽ കവർന്നു. പിന്നീട് പച്ചക്കറി വിൽപ്പനയുമായി മുന്നോട്ടുപോകുമ്പോഴായിരുന്നു ഒരു വർഷം മുൻപ് മരണം.
അതോടെ അടച്ചുറപ്പുള്ള ഒരു വീട് സർക്കാരിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതായി.
ഈ സാഹചര്യത്തിൽ വീട് സന്ദർശിച്ച സേവാഭാരതി പ്രവർത്തകർ ഈ കുട്ടികൾക്ക് വീടൊരുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. കൊറോണക്കാലത്തും തളരാതെ നിന്ന സേവാഭാരതി പ്രവർത്തകരുടേയും ഫോർ ഡിസൈൻ ഹോംസിൻ്റെ സാരഥി സതീഷ് കുമാറിനെ പോലുള്ള സുമനസ്സുകളുടെ സഹായവും വീട് നിർമ്മാണം വേഗത്തിലാക്കി. അഞ്ഞൂറ് സ്ക്വയർ ഫീറ്റിലാണ് ടെറസ് വീട് പണിതിട്ടുള്ളത്.
ദർശന പ്ലസ് വൺ ബയോളജി സയൻസിന് നേമം സ്കൂളിൽ പഠിക്കുന്നു, ദിവ്യ ഏഴിലും, ദൃശ്യ നാലിലും മാറനല്ലൂരിലാണ് പഠിക്കുന്നത്.

നാളെ രാവിലെ 9നും 9.30നുമിടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത സഹ സേവാ പ്രമുഖ് ഗിരീഷ് കുമാർ ‘പരമേശ്വരീയത്തിൻ്റെ’ ഗൃഹപ്രവേശന കർമ്മം നിർവ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *