കമ്പനിയുടെ പ്രാരംഭ പ്രവർത്തന പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാനം ഏറ്റെടുത്ത ശേഷം പുന:സംഘടിപ്പിച്ച് പുതുതായി രൂപം നൽകിയ കമ്പനിയാണ് കേരള റബ്ബർ ലിമിറ്റഡ്. റബ്ബർ അധിഷ്ഠിത മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ടും റബ്ബർ വ്യവസായത്തിന് എല്ലാത്തരം സാങ്കേതിക പിന്തുണ നൽകാൻ ഉദ്ദേശിച്ചും രൂപം നൽകിയ കമ്പനി സിയാലിനോട് സാദ്യശ്യമുള്ള മാതൃകയിലാണ് പ്രവർത്തിക്കുക. വെള്ളൂരിലെ 145 ഏക്കർ ഭൂമി കിൻഫ്ര റബ്ബർ ലിമിറ്റഡിന് ഉടനെ കൈമാറും. കമ്പനിയുടെ DPR രണ്ടു മാസത്തിനുള്ളിൽ തയ്യാറാക്കും. സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള, സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഭൂരിപക്ഷ ഓഹരിയുടമാവകാശമുള്ള ഒന്നായിരിക്കും കമ്പനി. സ്വാഭാവിക റബ്ബറിന്റേയും വ്യാവസായികാടിസ്ഥാനത്തിലുള്ള റബ്ബർ ഉൽപന്നങ്ങളുടേയും നിർമ്മാണത്തിനും ഉൽപാദനത്തിനും ഏറ്റവും അനുയോജ്യമായ ഒന്നായി കമ്പനിയെ മാറ്റണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
