വാദിയെയും പ്രതിയെയും ഇരയേയും ഒരേ വീട്ടിൽ കഴിയാന് അനുവദിച്ചത് തുടർ പ്രശ്നങ്ങൾക്ക് വഴി ഒരുക്കി
. മലയിൻകീഴ് പോലീസിനെതിരെ കടുത്ത ആരോപണം.പോക്സോ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്നു ആരോപണവുമായി ജയിൽ മോചിതയായ മാതാവ് പരാതിയുമായി രംഗത്തുഎത്തി. പരാതി വിവാദമായതോടെ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പടെ കേസ് സമഗ്രമായ പരിശോധനക്ക് വിദേയമാക്കി വിവരങ്ങൾ ശേഖരിക്കുന്നു. മലയിൻകീഴ് പൊലീസിനെതിരെയാണ് ഗുരുതരമായ ആരോപണ ഇരയുടെ മാതാവ് എത്തിയത്..ഇക്കഴിഞ്ഞ ആഗസ്റ്റ് അവസാനവാരം ആണ് വിവാദ ആരോപണത്തിന് ആസ്പദമായ സംഭവം അരങ്ങേറിയത്. വ്യോമസേനാ ഉദ്യോഗസ്ഥനായ രണ്ടാനച്ഛൻ ആറുവയസുകാരിയായ മകളെ പീഡനത്തിനിരയാക്കി എന്ന് മുംബൈ മലയാളികൂടിയായ യുവതി പരാതി ഉന്നയിച്ചതോടെ അമ്മയുടെയും മകളുടെയും മൊഴിയെടുത്ത പൊലീസ് അന്ന് രാത്രിതന്നെ പ്രതിയായ രണ്ടാനച്ഛൻ താമസിക്കുന്ന വീട്ടിൽ ഇരയേയും വാദിയായ അമ്മയെയും വനിതാ പൊലീസിന്റെ സാനിധ്യത്തിൽ കൊണ്ടു ചെന്നാക്കിയിരുന്നു.ഇതിനു ശേഷം രാത്രിയോടെ എത്തിയ വ്യോമസേനാ ഉദ്യോഗസ്ഥനും ഇരയുടെ മാതാവുമായി വാക്കുതർക്കവും അക്രമവും ഉണ്ടായത്. ഇതിൽ പരിക്കേറ്റ വ്യോമസേനാ ഉദ്യോഗസ്ഥനെ വ്യോമസേനാ സഹ ഉദ്യോഗസ്ഥർ പാങ്ങോട് ആശുപത്രിയിലേക്ക് മാറ്റുകയും മാതാവിനെ വ്യോമസേനാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി അറസ്റ് ചെയ്തു നടപടികൾ പൂർത്തിയാക്കി റിമാൻഡ് ചെയ്യുകയും,കുട്ടിയെ സർക്കാർ സംരക്ഷണയിൽ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.എന്നാൽ ആരോപണ വിധേയനായ വ്യോമസേനാ ഉദ്യോഗസ്ഥനെ പരാതി നൽകിയ ദിവസം തന്നെ കണ്ടെത്താനോ ഇയാളെ കസ്റ്റഡിയിൽ എടുക്കാനോ തങ്ങൾ താമസിക്കുന്ന വീട്ടിൽ നിന്നും വിലക്കാനോ പൊലീസ് നടപടി സ്വീകരിക്കാത്തത് തന്നെ ജയിലിലടക്കുന്നതു വരെ കാര്യങ്ങൾ എത്തി എന്ന് ഇവർ ആരോപിച്ചു. തന്റെ പേരിൽ കെട്ടിച്ചമച്ച കേസുകളാണ് വ്യോമസേനാ ഉദ്യോഗസ്ഥൻ കാരണം ഉണ്ടായത്.മകളോട് അപമര്യാദയായി പെരുമാറിയതിന് ചോദ്യം ചെയ്തത് കൊണ്ട് തനിക്കെതിരെ കള്ള പരാതി നൽകുകയും ചെയ്തു. ശേഷം വീട്ടിൽ വച്ചുണ്ടായ സംഭവത്തിൽ ഇയാൾ സ്വയം പരിക്കേൽപ്പിച്ചിട്ടു അത് തന്റെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നു എന്നും മാതാവ് പറയുന്നു.
അതേസമയം മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ അമ്മയെയും മകളെയും മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയായ രണ്ടാനച്ഛൻ വീട്ടിൽ ഇല്ലന്ന് ഉറപ്പുവരുത്തിയശേഷം വനിതാ പൊലീസ് സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നുവെന്നും, പിറ്റേന്ന് മജിസ്ട്രേറ്റ് മുൻപാകെ മൊഴിനൽകാൻ വരണമെന്ന് പറഞ്ഞശേഷമാണ് ഉദ്യോഗസ്ഥ മടങ്ങിപ്പോയതെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാൽ പോലീസ് മടങ്ങിയതിന് പിന്നാലെ വീട്ടിലെത്തിയ വ്യോമസേനാ ഉദ്യോഗസ്ഥൻ രണ്ടാം ഭാര്യയുമായി ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് വ്യോമസേനാ ഉദ്യോഗസ്ഥന് കഴുത്തിന് പരിക്കേറ്റു. ഇത് യുവതി വെട്ടി പരിക്കേൽപ്പിച്ചതാണ് എന്ന് വ്യോമസേനാ ഉദ്യോഗസ്ഥനും, ഇയാൾ സ്വയം പരിക്കേൽപ്പിച്ചതാണെന്നു യുവതിയും പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥനെ അന്നുരാത്രി തന്നെ പാങ്ങോട് ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞു മലയിൻകീഴ് പോലീസ് സ്ഥലത്തു എത്തിയെങ്കിലും പിറ്റേന്ന് യുവതിയെ മകളോടൊപ്പം മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി യുവതിയുടെയും മകളുടെയും മൊഴിരേഖപ്പെടുത്തി. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പ്രതിയുടെ പരാതിയെത്തുടർന്ന് യുവതിയായ അമ്മയെ പിറ്റേന്ന് പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. എട്ടുദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ പ്രതിയെ മലയിൻകീഴ് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കി
ഇക്കഴിഞ്ഞ ഒക്ടോബർ 13 ന് ജയിൽ മോചിതയായ മാതാവ് മകളെയും ഒപ്പം കൂട്ടി തിരുവനന്തപുരം നഗരത്തിൽ വാടകക്ക് താമസമാക്കി. ഒക്ടോബർ 22 നാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. ഇതിനു ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് ഇപ്പോൾ മാതാവ് പൊലീസിനെതിരെ ശക്തമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
