വിഴിഞ്ഞത്ത് മുക്കുപണ്ടം പണയം വച്ച് രൂപ തട്ടിയ ദമ്പതികൾ പിടിയിൽ. തിരുവല്ലം വണ്ടിത്തടം അപർണ ഫിനാൻസിൽ നിന്നും കഴിഞ്ഞ 15 ന് ആണ് 1,20,000 രൂപാ തട്ടി എടുത്തത് സംഭവവുമായി ബന്ധപ്പെട്ട് പൂന്തുറ മാണിക്യ വിളാകം ആസാദ് നഗറിൽ അബ്ദുൾ റഹ്മാൻ ഇയാളുടെ രണ്ടാം ഭാര്യ വള്ളക്കടവ് കൽമണ്ഡപം സ്വദേശിനി റംസി എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ ദിവസം ഉച്ചയോടെ സ്വർണ്ണപ്പണയ സ്ഥാപനത്തിൽ എത്തിയ ദമ്പതികൾ 36 ഗ്രാം സ്വർണ്ണം പണയം വച്ച് 1, 20000 രൂപ വാങ്ങി പുറത്തിറങ്ങി എങ്കിലും ഇവർ നൽകിയ മൊബൈൽ നമ്പരിൽ 9 അക്കം മാത്രം ഉള്ളതിനാൽ ഉടമ തിരികെ വിളിച്ചു.എന്നാൽ ഇരുവരും ഇവർ വന്ന സ്വിഫ്റ്റ് കാറിൽ കയറി പുഞ്ചക്കരി ഭാഗത്തേക്ക് ഓടിച്ചു പോവുകയാണ് ഉണ്ടായത്.ഇതിൽ സംശയം തോന്നിയ സ്ഥാപനം ഉടമ ആഭരണം വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് വ്യാജമാണെന്നു മനസിലായത്. ഉടൻ തന്നെ കാറിനെ പിൻതുടർന്നെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കെ.എൽ 01 രജിസ്ട്രേഷനിലുള്ള കാറാണെന്ന് കാണിച്ച് ഉടമ തിരുവല്ലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്ഥാപനത്തിൽ സി.സി.ടി.വി ഇല്ലാത്തതിനാൽ കുറച്ചകലെയുള്ള സി. സി.ടി.വി പരിശോധിച്ചപ്പോൾ ഇരുവരുടെയും ഏകദേശരൂപം മനസിലാവുകയും തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തതു തട്ടിപ്പിന് ശേഷം പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പർ ചുരണ്ടി മാറ്റുകയും വാഹനത്തിന് മുകൾ ഭാഗം കറുത്ത പെയ്ന്റ് അടിച്ച് രൂപ മാറ്റം വരുത്തുകയും ചെയ്തതായി തിരുവല്ലം പൊലീസ് പറഞ്ഞു. സമാനമായ തട്ടിപ്പ് പൂന്തുറപോലീസ് സ്റ്റേഷൻ പരിധിയിലും മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ഒരു ബൈക്ക് മോഷണ കേസിലെയും പ്രതിയാണ് പിടിയിലായ അബ്ദുൾ റഹ്മാൻ. തിരുവല്ലം എസ്.എച്ച്. ഒ സുരേഷ്. വി.നായരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ബിപിൻ പ്രകാശ്, വൈശാഖ്, സതീഷ് കുമാർ, സി.പി. ഒ മാരായ രാജീവ് കുമാർ, രാജീവ്, രമ, സെലിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് മുക്കുപണ്ടം കിട്ടിയതിന്റെ ഉറവിടം അന്വേഷിക്കേണ്ടതുണ്ടെന്ന് തിരുവല്ലം എസ്.എച്ച്. ഒ സുരേഷ്. വി. നായർ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
