അമയന്നൂര്‍: കുടുംബ കലഹത്തെത്തുടര്‍ന്നു തീ കൊളുത്തിയ പിതാവും മകനും മരിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുവരും ശനിയാഴ്ചയാണ് മരിച്ചത്.. തെക്കേക്കര രാജപ്പന് (73), മകന് അനീഷ് (40) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 3.30ന് അനീഷും രാത്രി 10.30ന് രാജപ്പനും മരിച്ചു. ഇരുവരുടെയും സംസ്കാരം നടത്തി.
കഴിഞ്ഞ 23ന് രാത്രി 12നാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിവാഹിതനായ അനീഷ് ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. സംഭവദിവസം അനീഷിന്റെ വീട്ടില്‍ രാജപ്പന് എത്തിയിരുന്നു. ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായെന്നും തുടര്‍ന്നു തീ കൊളുത്തുകയായിരുന്നെന്നും അയര്‍ക്കുന്നം പൊലീസ് പറഞ്ഞു. പൊള്ളലേറ്റ അനീഷ് വീടിനു പുറത്തേക്ക് ഓടിയപ്പോഴാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
അമയന്നൂര്‍ മാണാട്ടുകുന്നേല് കുടുംബാംഗം രാജമ്മയാണ് രാജപ്പന്റെ ഭാര്യ. മറ്റു മക്കള്‍: രാജേഷ്, രതീഷ്, സുനീഷ്, സുധീഷ്. മരുമക്കള്‍: ലിനി, അഞ്ജു, കീര്‍ത്തന, അയന.
