തൃശ്ശൂര്‍.
തൃശ്ശൂര്‍ പുതുക്കാട് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയ ട്രാക്കിലൂടെ ട്രയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.മലബാര്‍ എക്പ്രസ്സ് ആണ് ആദ്യം കടത്തിവിട്ടത്. 10 കിലോമീറ്റര്‍ മാത്രം വേഗതയിലാണ് ട്രയിന്‍ കടത്തിവിട്ടത്. അപകടത്തില്‍ പെട്ട ബോഗികളും, പാളവും മാറ്റി സ്ഥാപിച്ചത് 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്.
അപകടത്തിൽപ്പെട്ട ബോഗികൾ ഉയർത്തി മാറ്റിവെച്ചാണ് പാളങ്ങൾ പുനസ്ഥാപിച്ചത്. എറണാകുളത്തുനിന്നും ഷൊർണൂരിൽ നിന്നും എത്തിയ ആക്സിഡന്റ് റിലീഫ് ട്രെയിനിലെ ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു ജോലികൾ. ഇരുന്നൂറോളം ജീവനക്കാരുടെ പതിനെട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
പാളം തെറ്റിയ ബോഗികൾ ജാക്കി ഉപയോഗിച്ച് ഉയർത്തി മാറ്റിയാണ് തകർന്ന പാളങ്ങൾ മാറ്റിസ്ഥാപിച്ചത്.
അപകടത്തെ തുടർന്ന് തൃശ്ശൂർ എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി സ്തംഭിച്ചിരുന്നു. ഒട്ടേറെ ട്രെയിനുകൾ യാത്ര റദ്ദാക്കുകയും വിവിധ ട്രെയിനുകൾ ഇടയ്ക്കുവെച്ച് യാത്ര അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇരുമ്പനത്തെ ബ്രാഞ്ചിൽ നിന്നും പെട്രോൾ നിറക്കാൻ പോകുകയായിരുന്നു ചരക്കു തീവണ്ടിയാണ് പാളം തെറ്റിയത്. അപകടത്തെ കുറിച്ച് റെയിൽവേ സേഫ്റ്റി കമ്മീഷ്ണർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
