healthy pregnancy. Side view pregnant woman with big belly advanced pregnancy in hands. Banner copyspace for text. Elegant mother waiting baby
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി പ്രസവ മുറിയിൽ കഴിഞ്ഞ പൂർണ ഗർഭിണിക്ക് ഡോക്ടർമാർ ഗുളിക മാറി നൽകി നൽകിയതായി പരാതി. പത്തനംതിട്ട നാരങ്ങാനം വടക്ക് മുത്തുപറമ്പിൽ റിയാസിന്റെ ഭാര്യ സിയാന റിയാസിനാണ് (20) ഇന്നലെ രാവിലെ ഗുളിക മാറി നൽകിയത്. പ്രസവത്തിനായി സിയാന റിയാസിനെ കഴിഞ്ഞ 21ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ സിയാനയെ പ്രസവ മുറിയിലേക്ക് മാറ്റി. സിയാന തൈറോയിഡിന്റെ തകരാറിനു കഴിക്കുന്ന ഗുളിക ബന്ധു പ്രസവമുറിയിലെത്തിച്ചു. എന്നാൽ നേരത്തേ 2 ഗുളിക ഡോക്ടർ നൽകിയതായി സിയാന ബന്ധുവിനെ അറിയിച്ചതോടെയാണ് ഗുളിക മാറിയ വിവരം അറിഞ്ഞത്. ബന്ധുക്കൾ ബഹളം വച്ചതിനെ തുടർന്ന് സീനിയർ ഡോക്ടർമാരെത്തി അന്വേഷണം നടത്തി. സിയാന റിയാസിന്റെ വയറ്റിൽ ട്യൂബ് ഇറക്കി ഗുളികയുടെ ഭാഗങ്ങൾ തിരിച്ചെടുത്തു. പിന്നീട് ഡോക്ടർമാർ സിയാനയുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ബഹളം നിലച്ചത്.പ്രസവ മുറിയിൽ കഴിഞ്ഞ മറ്റൊരു സിയാനയ്ക്ക് നൽകാനുള്ള ലെവിപ്പിൽ 500, ലൊബൊസാം 5 എംജി ഗുളികകളാണ് സിയാന റിയാസിനു മാറി നൽകിയതെന്ന് ഭർതൃപിതാവ് നാസർ ആശുപത്രി സൂപ്രണ്ടിനും അമ്പലപ്പുഴ പൊലീസിലും നൽകിയ പരാതിയിൽ പറയുന്നു.പരാതി കിട്ടുന്നതിനു മുൻപു തന്നെ വിവരം അറിഞ്ഞ് ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ.സി.വി. ഷാജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ഗുളികയുടെ പാർശ്വഫലങ്ങൾ ഗർഭിണിക്ക് ഉണ്ടാകില്ലെന്നാണ് പ്രാഥമിക നിഗമനം. മേലിൽ ഇത്തരം സംഭവം ആവർത്തിക്കരുതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്ക് കർശന നിർദേശം നൽകി.
