നെയ്യാറ്റിന്‍കര: ക്ഷേത്ര ഘോഷയാത്രയ്ക്കിടെയുണ്ടായ വാക്കുതര്‍ക്കം മരണം നടന്ന വീടിനു മുന്നിലെ പോലീസ് അതിക്രമത്തില്‍ കലാശിച്ചു. കീളിയോടിനു സമീപം പഴിഞ്ഞിക്കുഴിയിലെ വീട്ടുമുറ്റത്താണ് സംഘര്‍ഷമുണ്ടായത്. ലാത്തികൊണ്ടുള്ള അടിയേറ്റ് പഴിഞ്ഞിക്കുഴി, ശ്രീകൃഷ്ണവിലാസത്തില്‍ കെ.എസ്.ഇ.ബി. ജീവനക്കാരന് മധുവിന്റെയും അമൃതയുടെയും മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അഞ്ജലികൃഷ്ണ(17)യ്ക്ക് പരിക്കേറ്റു… സംഘര്‍ഷത്തില്‍ എസ്.സി.പി.ഒ.യായ ബിജുകുമാറിന്റെ നെറ്റിക്ക് പരിക്കേറ്റു. പെണ്‍കുട്ടിയുടെ സഹോദരനായ അരവിന്ദ് കൃഷ്ണനെ(22) പോലീസ് കസ്റ്റഡിയിലെടുത്തു..
വ്യാഴാഴ്ച രാത്രി ആയയില്‍ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് അക്രമസംഭവങ്ങളുടെ തുടക്കം. കീളിയോട്, മധുവിന്റെ ഭാര്യ അമൃതയുടെ അമ്മ പത്മിനി രണ്ടുദിവസം മുന്‍പ് മരിച്ചിരുന്നു. ഇവരുടെ വീടിനു മുന്നിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനിടെ രണ്ടുപേര്‍ ഇവരുടെ വീട്ടിലെത്തി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അരവിന്ദ് വെള്ളം എടുത്ത് നല്‍കുന്നതിനിടെ അച്ഛന് മധു മകനോട് അകത്തുകയറിപ്പോകാന് ഉച്ചത്തില്‍ ആവശ്യപ്പെട്ടു. ഘോഷയാത്രയ്ക്കൊപ്പമുണ്ടായിരുന്ന പോലീസുകാര്‍ സംഭവം തെറ്റിദ്ധരിച്ച് അരവിന്ദിനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. അരവിന്ദ് വീടിനകത്ത് കയറിയതോടെ ഇയാളെ പിടികൂടാനായി പോലീസ് ഗേറ്റിനകത്ത് കയറാന്‍ ശ്രമിച്ചു. ഇതിനിടെ പോലീസുകാരും അരവിന്ദും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടെയാണ് ബിജുകുമാറിന്റെ നെറ്റിക്ക് പരിക്കേറ്റത്. ഇതോടെ കൂടുതല്‍ പോലീസുകാരെത്തി. ഈ സമയം അരവിന്ദിനെ വീട്ടുകാര്‍ അകത്തെ മുറിയിലാക്കി.. വീടിനകത്ത് പോലീസ് കയറി അരവിന്ദിനെ പിടികൂടുന്നതിനിടെയുണ്ടായ മല്‍പ്പിടുത്തത്തിനിടെയാണ് സഹോദരി അഞ്ജലികൃഷ്ണയ്ക്ക് അടിയേറ്റത്. അഞ്ജലിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു… പോലീസിനെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കിയ അരവിന്ദിന് ജാമ്യം നല്കി. പോലീസിനെ ആക്രമിച്ചതിനെത്തുടര്‍ന്നാണ് അരവിന്ദിനെ പിടികൂടിയതെന്ന് നെയ്യാറ്റിന്‍കര സ്റ്റേഷന് ഹൗസ് ഓഫീസര്‍ വി.എന്‍.സാഗര്‍ പറഞ്ഞു. പെണ്‍കുട്ടിയെയോ, വീട്ടുകാരെയോ പോലീസ് മര്‍ദിച്ചില്ലെന്നും സാഗര്‍ പറഞ്ഞു. വീടുകയറി പോലീസ് ആക്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷനും ഡി.ജി.പി.ക്കും പരാതി നല്കി..
