കൽപ്പറ്റ: ആഗോള ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ വഴി ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത യുവാവിന്റെ പണം നഷ്ടപ്പെട്ടതായി പരാതി. രണ്ട് ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാർഡാണ് വയനാട് സ്വദേശിയായ ഗ്രാഫിക്സ് ഡിസൈനർ വിഷ്ണു ഓർഡർ ചെയ്തത്.
ഉൽപ്പന്നം കൈപ്പറ്റിയെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. എന്നാൽ തനിക്ക് ഉൽപ്പന്നം കിട്ടിയിട്ടില്ലെന്നു പണം നഷ്ടപ്പെട്ടെന്നും കാണിച്ച് യുവാവ് സൈബർ പോലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നൽകി. വിഷ്ണു ജനുവരി 22 ന് തന്റെ സ്ഥാപനത്തിലേക്ക് ഓർഡർ ചെയ്ത ഗ്രാഫിക്സ് കാർഡ് ലഭിക്കാൻ വൈകിയപ്പോൾ കസ്റ്റമർ കെയറിൽ വിളിച്ചു.
ഉടൻ തന്നെ ലഭിക്കുമെന്ന് കമ്പനി മറുപടി നൽകി. ആദ്യം ഡിടിഡിസി കൊറിയർ കമ്പനിയായിരുന്നു ഡെലിവറി ചെയ്യുമെന്ന് അറിയിച്ചത്. പിന്നീട് 10 ദിവസം മുൻപ് ഓർഡർ കൈപ്പറ്റി എന്ന മേസേജ് എത്തി. അന്വേഷിച്ചപ്പോൾ കമ്പനിയ്ക്ക് മറ്റ് ഉത്തരവാദിത്വങ്ങളില്ല എന്ന് അറിയിച്ചെന്ന് വിഷ്ണു പറയുന്നു.
വലിയ തുക നഷ്ട്ടമായതോടെ കടകെണിയിലായെന്ന് വിഷ്ണു പറയുന്നു. ഉടൻ പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ആമസോണിന് വിഷ്ണു വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
