കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ എംഎം മണി എംഎൽഎയെ കുറ്റവിമുക്തനാക്കി. എംഎം മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി എംഎം മണി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
ഇതിന് മുൻപ് സെഷൻസ് കോടതിയെ എം.എം.മണി വിടുതൽ ഹർജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. ഒ.ജി.മദനനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ.
1982 ലാണ് കോൺഗ്രസ് പ്രവർത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1988 ൽ തന്നെ കേസിലെ 9 പ്രതികളേയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു. എന്നാൽ 2012 മെയിൽ ഇടുക്കി മണക്കാടിൽ വെച്ച് നടത്തിയ വിവാദ പ്രസംഗത്തിലൂടെ കൊലപാതക കേസിൽ മണി പ്രതിയാവുകയായിരുന്നു.
പൊതുയോഗത്തിൽ മണി ഈ കൊലപാതകങ്ങളെ 1,2,3 എന്ന് അക്കമിട്ട് സൂചിപ്പിക്കുകയായിരുന്നു തുടർന്ന് കൊലപാതക കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് എം.എം.മണിയും കൂട്ടുപ്രതികളും 46 ദിവസം ജയിലിൽ കിടന്നിരുന്നു.
