കോഴിക്കോട്: കടം കയറിയ വീട് ജപ്തി ചെയ്യാനാണ് ഒരു വര്‍ഷം മുന്‍പ് എസ്ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയിലെ ജീവനക്കാര്‍ ആ വീട്ടില്‍ ആദ്യം എത്തിയത്.
എന്നാല്‍ ദാരിദ്രം പിടിച്ച്, ഉപയോഗിക്കാന്‍ ഒരു ശുചിമുറി പോലും ഇല്ലാത്ത ആ വീടു കണ്ട ബാങ്ക് അധികൃതര്‍ക്ക് ആ വീട് ജപ്തി ചെയ്യാന്‍ കഴിഞ്ഞില്ല. ജപ്തിക്കാര്യം അവരോട് പറഞ്ഞതുമില്ല. പകരം ഒറ്റ ചോദ്യമേ ബാങ്ക് മാനേജര്‍ക്ക് ആ അമ്മയോട് ചോദിക്കാനുണ്ടായിരുന്നുള്ളൂ. ‘ശുചിമുറി പോലുമില്ലാത്ത ഈ വീട്ടില്‍ അമ്മയെങ്ങനെയാണു പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്?’ തെല്ല് വിഷമത്തോടെ ‘രാത്രിയാവാന്‍ ഞാന്‍ കാത്തുനില്ക്കും സാറേ’ എന്നായിരുന്നു ആ അമ്മയുടെ മറുപടി.
ജപ്തി ചെയ്യാന്‍ പോയ ബാങ്ക് അധികൃതര്‍ കടുത്ത മനോവിഷമത്തോടെയാണ് തിരികെ പോയത്. എസ്ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയിലെത്തിയ അവര്‍ ഇക്കഥ സഹപ്രവര്‍ത്തകരോടു പറഞ്ഞു. ഒരു വര്‍ഷത്തിനിപ്പുറം ആ അമ്മയ്ക്കും, പക്ഷാഘാതം വന്ന് ഒരു വശം തളര്‍ന്ന മകനും സ്വസ്ഥമായുറങ്ങാന്‍ ശുചിമുറിയും മേല്‍ക്കൂരയുമുള്ള വീടും നിര്‍മ്മിച്ചു നല്‍കിയിരിക്കുകയാണ് ഈ ബാങ്കിലെ ഒന്‍പതു ജീവനക്കാര്‍. ബാങ്കിലെ ജീവനക്കാര്‍ സ്വന്തം കയ്യില്‍ നിന്നു കാശെടുത്ത് പണിതു കൊടുത്തതാണ് ആ സ്നേഹവീട്.
പക്ഷാഘാതം വന്ന് ഒരു വശം തളര്‍ന്നു പോയ കാപ്പാട് നോര്‍ത്ത് വികാസ് നഗറിലെ പാണാലില്‍ ശശിക്കും പ്രായമായ അമ്മയ്ക്കും മേലാണ് ബാങ്ക് ജീവനക്കാര്‍ കാരുണ്യം ചൊരിഞ്ഞത്. ബാഗ് നിര്‍മ്മാണ സംരംഭം തുടങ്ങാനാണ് ശശി 5 വര്‍ഷം മുന്‍പ് എസ്ബിഐയില്‍ നിന്നും 50,000 രൂപ വായ്പയെടുത്തത്. എന്നാല്‍ പക്ഷാഘാതം വന്ന് ശശിയുടെ വലതുവശം തളര്‍ന്നുപോയതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. പ്രായമായ അമ്മയ്ക്കും എഴുന്നേറ്റ് നടക്കാന്‍ പോലും കഴിവില്ലാത്ത മകനും ദാരിദ്രം കൂട്ടായി.
ഒടുവില്‍ ജീവിക്കാന്‍ ഒരു വഴിയുമില്ലാതായ ശശിക്ക് ചേമഞ്ചേരി പഞ്ചായത്തും അഭയം പാലിയേറ്റീവ് കെയറും ചേര്‍ന്ന് ഇട്ടുകൊടുത്ത ചെറിയ കട മാത്രമായിരുന്നു ആശ്രയം. നിത്യച്ചെലവിന് പോലും പണം തികയാത്ത അവസ്ഥയില്‍ കഴിയുമ്ബോഴാണ് 70,000 രൂപയോളം വായ്പ തിരിച്ചടവുള്ള ശശിയുടെ വീടുതേടി 2021 ഫെബ്രുവരിയില്‍ എസ്ബിഐ കൊയിലാണ്ടി എസ്എംഇ ബ്രാഞ്ചിലെ ചീഫ് മാനേജര്‍ എം.മുരഹരി എത്തിയത്. ശുചിമുറി പോലുമില്ലാത്ത ആ വീട് ജപ്തി ചെയ്യാന്‍ മാനേജര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മനസ്സു വന്നില്ല.
2021 മാര്‍ച്ചില്‍ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ജപ്തി ഒഴിവാക്കാനുള്ള അവസരമായിരുന്നു അത്. ശശിയുടെ കുടിശികയില്‍ ഇളവുകള്‍ക്കുശേഷമുള്ള 7000 രൂപ ജീവനക്കാര്‍ കയ്യില്‍ നിന്നെടുത്ത് അടച്ചുതീര്‍ത്തു. പിന്നീടു ബാങ്കിലെ ജീവനക്കാര്‍ ചേര്‍ന്ന്, വീടു പുതുക്കി പണിയാന്‍ പണം കണ്ടെത്തി. വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ തന്നെയാണ് റോഡില്‍നിന്ന് കല്ലും മണലും സിമന്റുമൊക്കെ ചുമന്ന് വീട്ടിലെത്തിച്ചത്. വീടിന്റെ മേല്‍ക്കൂര മാറ്റി. അടുക്കള കോണ്‍ക്രീറ്റ് ചെയ്തു. ശുചിമുറിയുമുണ്ടാക്കി.
