ടുണീസ്: ശരീരത്തിനുള്ളിൽ കത്രിക, സൂചി, നാണയം തുടങ്ങി പല വസ്തുക്കളും കുടുങ്ങുന്ന സംഭവങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യാറുണ്ട്. അബദ്ധത്തിൽ വിഴുങ്ങുന്നതിന്റെ ഭാഗമായോ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഡോക്ടർമാരുടെ പിഴവ് കൊണ്ട് ഇത് സംഭവിക്കാറുണ്ട്. എന്നാൽ എട്ട് സെന്റി മീറ്ററോളം വീതിയുള്ള ഗ്ലാസ് ടംബ്ലർ മൂത്രാശയത്തിൽ കുടുങ്ങിയ മാദ്ധ്യമ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. നോർത്ത് ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിലാണ് സംഭവം.
സ്ത്രീയുടെ മൂത്രാശയത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ ഗ്ലാസ് ടംബ്ലർ നീക്കം ചെയ്തത്. അതും നാല് വർഷമായി കുടുങ്ങിക്കിടന്നിരുന്ന വസ്തുവാണെന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.
മൂത്രാശയ രോഗം ബാധിച്ചതാണെന്ന് കരുതി ചികിത്സയ്ക്കെതിയതായിരുന്നു 45 വയസുള്ള സ്ത്രീ. യൂറിനറി ഇൻഫക്ഷന്റെ പല ലക്ഷണങ്ങളും ഇവർ പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ചികിത്സ തേടിയത്. എന്നാൽ സ്ത്രീയെ സ്കാനിംഗിന് വിധേയമാക്കിയതോടെ ഡോക്ടർമാർ അമ്പരന്നു. കല്ലിന് സമാനമായ വലിയ വസ്തു മൂത്രാശയത്തിൽ കിടക്കുന്നുവെന്ന് സ്കാനിംഗിൽ കണ്ടെത്തി. ഗ്ലാസിന്റെ രൂപവും സ്കാനിങ്ങിൽ തെളിഞ്ഞിരുന്നു.
എട്ട് സെന്റിമീറ്ററോളം വീതിയുള്ള വസ്തുവിനെ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു. ടുണീഷ്യയിലെ സ്ഫാക്സ് ഹബീബ് ബർഗുയിബ സർവകലാശാലയിലെ വിദഗ്ധരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. വർഷങ്ങൾക്ക് മുമ്പ് സെക്സ് ടോയ് ആയി ഗ്ലാസ് ടംബ്ലർ ഉപയോഗിച്ചിരുന്നുവെന്ന് സ്ത്രീ ഡോക്ടർമാരോട് വെളിപ്പെടുത്തി. നാല് വർഷമായി മൂത്രാശയത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു ഗ്ലാസ് ടംബ്ലർ. വർഷങ്ങൾക്ക് മുമ്പ് നടന്ന കയ്യബദ്ധത്തിന് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ പരിഹാരം കണ്ടെത്തിയത്.
