ബംഗളൂരു : സ്കൂളുകളിൽ യൂണിഫോം മതിയെന്ന കർണാടക ഹൈക്കോടതി ഉത്തരവിന് പിന്നാലെ യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് കോൺഗ്രസ് നേതാവ്. മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ടി.യു ഖാദർ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നത്. നിയമസഭയിൽ ആയിരുന്നു യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് അനുവദിക്കണമെന്ന് സർക്കാരിനോട് ഖാദർ ആവശ്യപ്പെട്ടത്.
നിലവിൽ കർണാടകയിൽ വാർഷിക പരീക്ഷകൾ പുരോഗമിക്കുകയാണ്. പരീക്ഷാ ഹാളിൽ ഹിജാബ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർത്ഥികൾ ആണ് പരീക്ഷ ബഹിഷ്കരിച്ചിരിക്കുന്നത്. ഈ വിദ്യാർത്ഥികളുടെ ഭാവി നഷ്ടമാകാതിരിക്കാനാണ് യൂണിഫോം നിറത്തിലുള്ള ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഖാദർ നിയമസഭയിൽ വ്യക്തമാക്കി. ഖാദറിന്റെ നിർദ്ദേശത്തെ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ പിന്തുണച്ചു.
കഴിഞ്ഞ ദിവസം ഹിജാബ് വിഷയം നിയമസഭയിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിക മതനേതാക്കൾ സിദ്ധരാമയ്യയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖാദർ വിഷയം സഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഹിജാബ് വിഷയത്തിൽ പുതിയ രാഷ്ട്രീയ പോർമുഖം തുറന്നിരിക്കുകയാണ് കോൺഗ്രസ്.
അതേസമയം ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നാഗേഷ് മറുപടി നൽകി. ഹൈക്കോടതി വിധിയ്ക്ക് അനുസരിച്ച് മാത്രമേ സർക്കാരിന് പ്രവർത്തിക്കാൻ സാധിക്കൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
