ഹിജാബ് സംബന്ധിച്ച കർണാടക ഹൈക്കോടതി വിധിയോട് യോജിക്കുന്നില്ലെന്നും മുസ്ലിംലീഗ് കോടതിയെ സമീപിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിഷയത്തിൽ പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭ്യജ ഘടകമാണെന്നും കോടതി തെറ്റായ നിഗമനത്തിലാണ് എത്തിച്ചേർന്നതെന്നും വിഷയത്തിൽ അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ ലംഘിക്കുന്ന വിധി വിദ്യാർഥികളുടെ പഠനത്തെ വിധി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക കോളേജുകളിലെ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികൾ സുപ്രിംകോടതിയിൽ നൽകിയ അപ്പീൽ ഹോളി അവധിക്ക് ശേഷം പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് ധരിച്ചെത്തായ വിദ്യാർഥികൾക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഇതിനെ തുടർന്ന് മറ്റ് കോളേജുകളിലും ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ് പരിവാർ അനുകൂല വിദ്യാർഥികൾ രംഗത്ത് വന്നു. ഇതോടെ സംസ്ഥാനത്തെ കാമ്പസുകളിൽ സംഘർഷ സാഹചര്യമുണ്ടായി.ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്സിറ്റി കോളേജിലെ ആറു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിശാല ബെഞ്ച് ദിവസങ്ങളോളം വിശദമായ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. തുടർന്ന് ഇന്ന് വിധി പറഞ്ഞ കോടതി ഹിജാബ് മതപരമായി നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി വിലക്ക് ശരിവെച്ചു. ഹിജാബ് വിലക്കിനെതിരായ വിദ്യാർഥികളുടെ ഹരജി തള്ളി കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് ബെഞ്ച്. 11 ദിവസമാണ് ഹരജിയിൽ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് സ്ഥാപിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തിൽ ഹിജാബ് ഉൾപ്പെടുത്താനാകില്ലെന്ന് കർണാടക സർക്കാർ വാദിച്ചിരുന്നു.
