കാട്ടാക്കട: കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനുമുന്നിലെ കാത്തിരിപ്പുകേന്ദ്രത്തിലിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരേ പെട്രോള്‍ ബോംബെറിഞ്ഞയാള്‍ പിടിയിലായി. കുറ്റിച്ചല്‍ അരുകില്‍ വടക്കുംകര പുത്തന്‍വീട്ടില്‍ എസ്.നിഖില്‍ (23) നെയാണ് കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ ബൈക്കില്‍ സ്ഥലത്തെത്തിച്ച സുഹൃത്ത് കുറ്റിച്ചല്‍ സ്വദേശി അല്‍സാജ് ഒളിവിലാണ്. ബുധനാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.. വൈകീട്ട് മൂന്നരയോടെ ബസില്‍ സ്കൂളിനു മുന്നിലിറങ്ങിയ ഇയാളെ കാത്തിരിപ്പുകേന്ദ്രത്തിലിരുന്ന വിദ്യാര്‍ഥികള്‍ കളിയാക്കി.തുടര്‍ന്ന് വാക്കേറ്റമുണ്ടായി.. ഇതിനിടെ വിദ്യാര്‍ഥിസംഘം നിഖിലിനെ കൈയേറ്റംചെയ്തു. ഇവിടെനിന്നുപോയ ഇയാള്‍ അല്‍പ്പനേരം കഴിഞ്ഞ് അല്‍സാജ് എന്നയാളുടെ ബൈക്കിനു പിന്നിലിരുന്നെത്തി പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച് വിദ്യാര്‍ഥികള്‍ക്കുനേരേ എറിയുകയായിരുന്നു.. ഏറ് ലക്ഷ്യംതെറ്റി കാത്തിരിപ്പുകേന്ദ്രത്തിന്റെ ചുവരില്‍ പതിച്ച് പൊട്ടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. പ്രതിയെ റിമാന്‍ഡ് ചെയ്തു.
