തിരുവനന്തപുരം ∙ ഫുട്ബോൾ കളിക്കിടെ കാലിനു പരുക്കേറ്റ കൊച്ചുമകനെ അന്വേഷിച്ച് ഒരു വിഐപി അപ്പൂപ്പൻ അരുവിക്കര മൈലം ജിവി രാജ ഗവ.സ്പോർട്സ് സ്കൂളിന്റെ ഹോസ്റ്റലിലെത്തി.എംഎൽഎയും മുൻമന്ത്രിയുമായ എം എം മണി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശിവജിയുടെ ഹോസ്റ്റൽ മുറി അന്വേഷിച്ചു വന്ന ആളെ ആദ്യം പലർക്കും മനസ്സിലായില്ല. മണിയുടെ ഇളയ മകൾ ശ്രീജയുടെ മകനാണ് ശിവജി സന്തോഷ്.കൊച്ചുമകനെ കെട്ടിപ്പിടിച്ച് പ്ലാസ്റ്ററിട്ട കാൽ പിടിച്ച് നോക്കി കുശലം ചോദിച്ചപ്പോഴേക്കും വാർത്ത സ്കൂളിൽ പരന്നു. പ്രിൻസിപ്പൽ എം.കെ. സുരേന്ദ്രൻ ഓടി ഹോസ്റ്റലിലെത്തി.പ്രിൻസിപ്പലിന്റെ ക്ഷണം സ്വീകരിച്ച് മണി സ്കൂളിന്റെ ഓഫിസും സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ സ്കൂളിൽ ചേർന്ന ശിവജി, എംഎം മണിയുടെ കൊച്ചുമകനാണെന്നത് അധികം പേർക്കും അറിവുണ്ടായിരുന്നില്ല.
