കോട്ടയം : കോട്ടയം ജില്ലയിലെ മുളകുളം കാരിക്കോട് ഭാഗത്ത് നാട്ടുകാരെ ആക്രമിച്ചിരുന്ന പരുന്തിനെ പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് പരുന്തിനെ കെണിവെച്ച് പിടികൂടിയത്. പരുന്തിനെ പേടിച്ച് നാട്ടുകാർക്ക് ഹെൽമെറ്റ് വെച്ച് നടക്കേണ്ട അവസ്ഥയായിരുന്നു. വനം വകുപ്പിന്റെ
ലൈസൻസുള്ള കാരിക്കോട് സ്വദേശി കെ ശ്രീകാന്താണ് പരുന്തിനെ പിടികൂടിയത്.
നാട്ടുകാർക്കെല്ലാം ശല്യമായിത്തീർന്ന പരുന്തിനെ പിടിക്കാൻ വനം വകുപ്പിന്റെ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ആന്റ് പ്രൊട്ടക്ഷൻ സംഘം ശ്രമം നടത്തിയിരുന്നു. കഴിയാതെ വന്നതോടെ ഈ ചുമതല ശ്രീകാന്തിന് നൽകിയ ശേഷം സംഘം മടങ്ങി.
ഇന്നലെ രാവിലെ പുത്തൻകുളങ്ങരയിലുള്ള വീട്ടുകാരെ പരുന്ത് ആക്രമിച്ചിരുന്നു. തുടർന്ന് പന്നിയിറച്ചി വെച്ച് ആകർഷിച്ച് പരുന്തിനെ പിടികൂടുകയായിരുന്നു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരുന്തിനെ ഏറ്റെടുത്തു.
പരുന്തിന്റെ ആക്രമണം പതിവാവുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തതോടെയാണ് ഇതിനെ പിടികൂടാൻ വനംവകുപ്പ് എത്തിയത്. ഇതിനായി വലയിൽ പച്ചമീനിട്ട് ആകർഷിക്കുകയും മറ്റും ചെയ്തു. എന്നാൽ പരുന്ത് എത്തിയില്ല.
പ്രദേശത്തെ വീട്ടുകാർ ഭക്ഷണം കൊടുത്ത് വളർത്തിയിരുന്നതാണ് ഈ പരുന്ത് എന്ന് അധികൃതർ പറയുന്നു. അതിനിടെ പരുന്ത് ഇവിടെ നിന്നും അപ്രത്യക്ഷമായി. വീണ്ടും തിരിച്ചെത്തിയപ്പോൾ ഭക്ഷണം ലഭിച്ചില്ല. ഇതോടെയാണ് ഇത് ജനങ്ങളെ ആക്രമിക്കാൻ ആരംഭിച്ചത് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭക്ഷണം നൽകുന്നത് മൂലമാണ് ഇത് പ്രദേശം വിട്ട് പോകാത്തത് എന്നും പരുന്തിന് ഭക്ഷണം നൽകി ഇണക്കാൻ ശ്രമിക്കരുത് എന്നും വനംവകുപ്പ് അധികൃതർ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
