ബെംഗളുരു: റോയിറ്റേഴ്സിലെ മാദ്ധ്യമപ്രവർത്തകയുടെ ആത്മഹത്യ ഭർതൃപീഡനം മൂലമെന്ന് പോലീസ്. ശ്രുതിയെ ഭർത്താവ് അനീഷ് മർദ്ദിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. റോയിറ്റേഴ്സിന്റെ ബെംഗ്ലുരു റിപ്പോർട്ടറും മലയാളിയുമായ മാദ്ധ്യമപ്രവർത്തക ശ്രുതിയെ ബെംഗളൂരുവിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശ്രുതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടർന്നു. മുറിക്കുള്ളിൽ സിസിടിവി സ്ഥാപിച്ച് നിരീക്ഷിച്ചു എന്നും പോലീസ് പറയുന്നു. ഭർതൃപീഡനമാണ് മരണകാരണമെന്ന് ചൂണ്ടികാട്ടി ശ്രുതിയുടെ ബന്ധുക്കൾ ബെംഗളൂരു പോലീസിൽ പരാതി നൽകി. നാല് വർഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാർട്ട്മെന്റിലാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിൽ നിന്ന് അമ്മ ഫോൺ വിളിച്ചിട്ട് പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് ബെംഗളൂരുവിൽ എൻജിനീയറായ സഹോദരൻ അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് വിവരം അന്വേഷിച്ചപ്പോൾ മുറി അകത്ത് നിന്നും പൂട്ടിയതായി പറഞ്ഞു. ഇതേതുടർന്ന് നേരിട്ട് എത്തിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
