ഡൽഹി: ബിജെപിയുടെ വികസന രാഷ്ട്രീയത്തിലധിഷ്ഠിതമായ ഭരണമാണ് ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
സദ്ഭരണത്തിനുള്ള അംഗീകാരമാണ് നാലു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം.
നരേന്ദ്രമോദി സർക്കാരിൻ്റെ വികസന പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കിയതും ഈ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ജനപ്രീതി വർദ്ധിപ്പിച്ചെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രവും സംസ്ഥാനവും ഒരു പാർട്ടി ഭരിക്കുന്നതിൻ്റെ ഗുണഫലം അറിഞ്ഞവരാണ് ബിജെപിയെ വീണ്ടും ജയിപ്പിച്ചത്.
അഴിമതിയുടെ പര്യായമായ കോൺഗ്രസിനെ ജനങ്ങൾ തന്നെ അധികാരത്തിൽ നിന്ന് തുടച്ചുനീക്കിയെന്ന് വി.മുരളീധരൻ പറഞ്ഞു. ‘ പ്രിയങ്ക പരീക്ഷണം’ തകർന്ന് തരിപ്പണമായതിലൂടെ നെഹ്റു കുടുംബത്തോടുള്ള ജനങ്ങളുടെ എതിർപ്പാണ് പ്രകടമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലടക്കം കോൺഗ്രസ് വീണ്ടും തകരാൻ പോവുകയാണ്.
പിണറായി വിജയനൊപ്പം ചേർന്ന് യോഗി ആദിത്യനാഥിനെ ചീത്ത വിളിച്ച വി.ഡി സതീശന് ഇപ്പോൾ എന്തുണ്ട് പറയാനെന്ന് വി.മുരളീധരൻ ചോദിച്ചു.
കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് വിമർശിച്ചാൽ യുപി യിലെ ജനം യോഗിയെ തള്ളിപ്പറയുമെന്ന് കരുതിയവർ വിഡ്ഡികളുടെ സ്വർഗത്തിലാണ്.
പിണറായി ഭരിക്കുന്ന കേരളം പോലെ നിയമവാഴ്ച തകർന്ന സംസ്ഥാനമാക്കരുത് എന്ന യോഗി ആദിത്യനാഥിൻ്റെ ആഹ്വാനം ഉത്തർപ്രദേശിലെ ജനങ്ങൾ ഏറ്റെടുത്തു.
പിണറായി ഭരണത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാതായി എന്ന് യോഗിക്ക് മനസിലായെങ്കിലും വി.ഡി സതീശന് ബോധ്യപ്പെട്ടിട്ടില്ലെന്നും വി.മുരളീധരൻ പരിഹസിച്ചു. ഉത്തർപ്രദേശിൽ അഞ്ചു ലക്ഷം പേർക്ക് സർക്കാർ ജോലി ലഭിച്ചപ്പോൾ കേരളത്തിൽ ഉദ്യോഗാർഥികൾക്ക് മുഖ്യമന്ത്രിയുടെ മുന്നിൽ മുട്ടിലിഴയേണ്ട ഗതികേടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
