കാഞ്ഞങ്ങാട്: കള്ളന്റെ പ്രൊഫൈല്‍ ചിത്രത്തോടെ പൊലീസ് ഉണ്ടാക്കിയ വാട്സ് ആപ് ഗ്രൂപ്പ് കൗതുകമാകുന്നു. മടിക്കൈ കാഞ്ഞിരപ്പൊയിലില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് കറുകവളപ്പില്‍ അശോകന്റെ പേരിലാണ് അമ്ബലത്തറ പൊലീസ് കള്ളന് അശോകന് എന്ന വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത്.
നാട്ടുകാരെയും പൊലീസിനെയും വെട്ടിച്ച് കാട്ടില്‍ ഒളിവില്‍ കഴിയുന്ന അശോകനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കാനാണ് വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് .
വാട്സ് ആപ് കൂട്ടായ്മയിലൂടെ നാട്ടുകാരെയും പൊലീസിനെയും ഏകോപിപ്പിച്ച് അശോകനെ എളുപ്പം പിടികൂടാമെന്നായിരുന്നു പൊലീസിന്റെ കണക്കു കൂട്ടല്‍. എസ്.ഐ.മധുസൂദനന് മടിക്കൈ ആണ് വാട്സ് ആപ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് .പിന്നീട് ചിലരെ ഇതിന്റെ അഡ്മിന്മാരാക്കി. അതോടെ ഗ്രൂപ്പ് നിറഞ്ഞു. കറുകവളപ്പ് മുതല്‍ വിദേശ രാജ്യങ്ങളിലുള്ളവര്‍ വരെ ഗ്രൂപ്പില്‍ അംഗങ്ങളായി .അതോടെ ഗ്രൂപ്പിന്റെ ഉദ്ദേശ്യം മാറി. വിദേശത്തുള്ളവര്‍ ഗ്രൂപ്പ് അംഗങ്ങളായതോടെയാണ് ലക്ഷ്യം പാളിയത്. ഗ്രൂപ്പിലെ ചര്‍ച്ചകള്‍ അധികം വൈകാതെ അശോകന് ലഭിച്ചിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്. ഇതോടെ ഗ്രൂപ്പ് പിരിച്ചു വിടാനുള്ള ആലോചനയിലാണ് പൊലീസ് ഇപ്പോള്‍.
പൊലീസ് നായയും ഡ്രോണും ശ്രമിച്ചിട്ടും അശോകനെ പിടികൂടാനാകാതെ വന്നപ്പോഴാണ് പൊലീസ് സാമൂഹ്യ മാദ്ധ്യമ സാദ്ധ്യത ആരാഞ്ഞത്. അതും പാളിപ്പോകുകയായിരുന്നു.
