ദുബായ്:രാജ്യത്തെ മികച്ച ഡ്രൈവർമാരെ ആദരിക്കാൻ തീരുമാനവുമായി ദുബായിലെ ആർടിഎ വകുപ്പ്. പൊതുഗതാഗത വകുപ്പിന് കീഴിലെ മികച്ച ഡ്രൈവർമാർക്കാണ് സമ്മാനങ്ങൾ നൽകുന്നത്. മികച്ച ബസ്, ടാക്സി ഡ്രൈവർമാർക്കാണ് ലോയൽറ്റി പോയൻറുകൾ നൽകുന്നത്. പോയിന്റുകൾ നോക്കി വർഷത്തിന്റെ നാല് പാദങ്ങളിലും സമ്മാനം നൽകാനാണ് ആർടിഎയുടെ തീരുമാനം.
ആർടിഎ ലോയൽറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് പൊതുഗതാഗത വകുപ്പിന് കീഴിലെ മികച്ച ഡ്രൈവർമാർക്ക് സമ്മാനം തീരുമാനിച്ചിട്ടുള്ളത്. വർഷത്തിലെ നാല് പാദങ്ങളിലും മികച്ച പ്രകടനം നടത്തുന്ന 200 ഡ്രൈവർമാരെയാണ് തിരഞ്ഞെടുക്കുക. രണ്ട് ഘട്ടങ്ങളിലായി തിരിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തിൽ 20 ബസ് ഡ്രൈവർമാരെയും 80 ടാക്സി ഡ്രൈവർമാരെയും ഉൾപ്പെടുത്തും. ഇവർക്ക് 10,000 ലോയൽറ്റി പോയിൻറുകളാണ് സമ്മാനമായി നൽകുന്നത്.
ലോയൽറ്റി പോയിന്റ് ലഭിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട കാർഡുകൾ ഉപയോഗിച്ച് റീട്ടെയിൽ സ്ഥാപനങ്ങളിൽനിന്നും മറ്റ് കമ്പനികളിൽനിന്നും പ്രത്യേക ഓഫറിൽ സാധനങ്ങൾ വാങ്ങാം. രണ്ടാം ഘട്ടത്തിലും 20 ബസ് ഡ്രൈവർമാരെയും 80 ടാക്സി ഡ്രൈവർമാരെയുമാണ് ഉൾപ്പെടുത്തുന്നത്. ഇവർക്ക് 5000 ലോയൽറ്റി പോയൻറ് സമ്മാനമായി നൽകും.
സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയായിരിക്കും ഡ്രൈവർമാരെ തിരഞ്ഞെടുക്കുക. ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന പദ്ധതിയിൽ അടുത്തവർഷം ലിമോ, റെൻറ് കോച്ച്, സ്കൂൾ ബസ് ഡ്രൈവർമാരെയും പരിഗണിക്കും. ജീവനക്കാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ഉപഭോക്താക്കളുടെ സംതൃപ്തി നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
