കൊച്ചി: പ്രഭാത സവാരി നടത്തുന്ന സ്ത്രീകളെ ശല്യപ്പെടുത്തുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്ന യുവാവ് അറസ്റ്റിൽ. കോട്ടയം കുറുവിലങ്ങാട് കുളത്തൂർ സ്വദേശിയായ ഇമ്മാനുവൽ ആണ് പിടിയിലായത്. എറണാകുളം സൗത്ത്, പനമ്പള്ളി നഗർ ഭാഗത്ത് നടക്കാനിറങ്ങുന്ന സ്ത്രീകളെയാണ് ഇയാൾ നിരന്തരമായി ശല്യം ചെയ്തിരുന്നത്. തുടർന്ന് സ്ത്രീകൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയാണ് ഇയാൾ ഈ ഭാഗത്ത് കറങ്ങി നടക്കുന്നത്. തുടർന്ന് ഇയാൾ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ശല്യപ്പെടുത്തുകയും കയറിപ്പിടിക്കുകയും ചെയ്യാറുണ്ടെന്നാണ് പരാതി. കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം മഫ്തിയിൽ ഷാഡോ പോലീസ് രംഗത്ത് ഇറങ്ങിയതോടെയാണ് ഇയാളെ പിടികൂടിയത്.
സാധാരണ കാണാറുള്ള ഭാഗത്ത് ഇവർ നിരീക്ഷണം നടത്തുകയും തുടർന്ന് സ്ത്രീകളെ ലക്ഷ്യമിട്ട് എത്തിയ പ്രതിയെ പിടികൂടുകയുമായിരുന്നു. മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ സർവീസ് എഞ്ചിനീയറാണ് ഇമ്മാനുവൽ എന്ന് പോലീസ് അറിയിച്ചു.
