കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ നടപടി. ഡ്രൈവറെ സസ്പെൻഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ഡ്രൈവർ ഷാജഹാനെതിരെ ബംഗളൂരു സ്വദേശിയായ പെൺകുട്ടിയാണ് കെഎസ്ആർടിസി വിജിലൻസിന് പരാതി നൽകിയത്. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് പരാതിക്ക് ആധാരമായ സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് കൃഷ്ണഗിരി ക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം ഉണ്ടായത്.
പരാതി പ്രകാരമുള്ള സംഭവം ഇങ്ങനെ, ബസിന്റെ ജനൽ പാളി നീക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി ഡ്രൈവർ ഷാജഹാന്റെ സഹായം തേടി. ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തിൽ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു.
ബെംഗളൂരുവിലെ വീട്ടിലെത്തിയ ശേഷം നടന്ന സംഭങ്ങൾ കാട്ടി പെൺകുട്ടി കെഎസ്ആർടിസി വിജിലൻസിന് ഇമെയിൽ വഴി പരാതി നൽകി. വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിറ്റിഒക്ക് കൈമാറിയിട്ടുണ്ട്. ഷാജഹാനിൽ നിന്നും ഡിടിഒ വിശദീകരണം തേടി. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാൻ നൽകിയ മറുപടി. പിജി വിദ്യാർത്ഥിയായ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
