January 15, 2026

കഠിനംകുളം: മാരകലഹരി വസ്തുവായ എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ തിരുവനന്തപുരം റൂറൽ ജില്ലാ ലഹരി വിരുദ്ധ സേനയും കഠിനംകുളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മടവൂർ ,അയണിക്കാട്ടുകോണം പത്മവിലാസത്തിൽ നിന്നും നാവായിക്കുളം വെട്ടിയറ താമസിക്കുന്ന നന്ദു എന്ന് വിളിക്കുന്ന അഖിൽ(വയസ്സ് 24) ,പാരിപ്പള്ളി , കിഴക്കനേല ഒരുമ ജംഗ്ഷനിൽ പടത്തൻപാറ വിളവീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ശരത്(വയസ്സ് 30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും എട്ട് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ തുടർന്ന് വരുന്ന ശക്തമായ നടപടികളുടെ ഭാഗമായുള്ള റെയ്ഡിലാണ് ഇരുവരും പിടിയിലായത്. ഇവർ ലഹരി വസ്തുക്കളുടെ കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തു. ലഹരി വ്യാപാരം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ആഴ്ചകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പെരുമാതുറ , കൊട്ടാരംതുരുത്ത് മേഖലകളിലാണ് ലഹരിവ്യാപാരം നടത്തിയിരുന്നത്. ബാംഗ്ലൂരിൽ നിന്നാണ് മാരക സിന്തറ്റിക് ലഹരിവസ്തുവായ എം.ഡി.എം.എ കേരളത്തിൽ എത്തിക്കുന്നത്. വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരിൽ താമസമാക്കി ലഹരി കച്ചവടം നടത്തുന്ന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇവരുടെ അറസ്റ്റോടെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിനികളെ വരെ ഇത്തരം സംഘങ്ങൾ ലഹരി വസ്തുക്കളുടെ കടത്തിനായി വിനിയോഗിച്ച് വരുന്നുണ്ട്. അത്തരക്കാർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം നർകോട്ടിക്ക് സെൽ ഡി.വൈ.എസ്.പി രാസിത്ത് ന്റെ നേതൃത്വൽ ഡാൻസാഫ് ടീമിന്റെ ലഹരി സംഘങ്ങൾക്കെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് ഇവരും പിടിയിലായത്. കഠിനംകുളം പോലീസ് ഇൻസ്പെക്ടർ അൻസാരി , സബ്ബ് ഇൻസ്പെക്ടർ വി. സജു , മുകുന്ദൻ എ.എസ്സ്.ഐ ഷാ ,ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.,ഫിറോസ്ഖാൻ , എ.എസ്സ്.ഐ ബി.ദിലീപ് , സി.പി.ഒ മാരായ അനൂപ് , ഷിജു, സുനിൽരാജ് , വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *