നടി അർച്ചന കവിയുടെ പൊലീസിനെതിരായ ഇൻസ്റ്റാഗ്രാം പരാമർശത്തിൽ കൊച്ചി പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങി . സംഭവത്തിൽ നടി പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്. പോസ്റ്റിൽ അർച്ചന കവി വ്യക്തമാക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ടായ പൊലീസുകാർ ആരെന്നതിലാണ് അന്വേഷണം.
കഴിഞ്ഞ ദിവസം ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പൊലീസ് മോശമായി പെരുമാറി എന്നാണ് നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു എന്ന് അർച്ചന വ്യക്തമാക്കി.വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അർച്ചന കൂട്ടിച്ചേർത്തു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചന കുറിപ്പ് പങ്കുവച്ചത്. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അർച്ചന പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
