പത്തനംതിട്ട: പത്തനംതിട്ട പെരിനാട്ടില്‍ തടിലോറി മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പോലീസുകാരന്റെ തല അടിച്ചുപൊട്ടിച്ചു.സംഭവത്തില്‍ സീനിയര്‍ സി.പി.ഒ അനില്‍കുമാറിനാണ് മര്‍ദനമേറ്റത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായി. അത്തിക്കയം സ്വദേശികളായ സച്ചിന്, അലക്സ് എന്നിവരാണ് അറസ്റ്റിലായത്.
കിഴക്കെ മാമ്പറയിലെ കണ്ടംകുളത്ത് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് മണിയാറിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അനില്‍കുമാര്‍. ഈ സമയത്ത് കണ്ടംകുളത്ത് ജെസിബി ഉപയോഗിച്ച് ലോറിയില്‍ തടി കയറ്റുന്നുണ്ടായിരുന്നു. തന്റെ വാഹനത്തിന് കടന്നുപോകാന്‍ തടിലോറി മാറ്റണമെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് തല അടിച്ചുപൊട്ടിക്കലില് കലാശിച്ചത്. പോലീസ് എത്തിയാണ് അനില്‍കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം റാന്നി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.
