ഇനി നമ്പര്‍ അല്ല, മൊബൈല്‍ ഫോണില്‍ വിളിക്കുന്നവരുടെ പേര് തന്നെ അറിയാന്‍ പറ്റും. വിളിക്കുന്നവരുടെ പേരറിയാന്‍ ട്രൂകോളര്‍ ആപ് ഇല്ലാതെ പുതിയ സംവിധാനം വരുന്നു. സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍ കോള്‍ ലഭിക്കുന്ന വ്യക്തിയുടെ മൊബൈല്‍ സ്ക്രീനില്‍ ഐഡി ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സര്‍കാര്‍ നടപ്പാക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ നടത്താന്‍ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടു. പ്രാരംഭനടപടികള്‍ ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയര്മാന് പി.ഡി വഗേല പറഞ്ഞു. ടെലികോം വകുപ്പ് മാനദണ്ഡങ്ങള്‍ പ്രകാരം മൊബൈല്‍ കമ്പനികള്‍ ചെയ്യുന്ന കെ.വൈ.സി രേഖകളിലെ പേരാണ് ഫോണ്‍ സ്ക്രീനില്‍ ദൃശ്യമാകുകയെന്നും വഗേല വ്യക്തമാക്കി. ശേഖരിച്ചു സൂക്ഷിക്കുന്ന പേരുവിവരങ്ങളില്‍ നിന്ന് കോളര്‍മാരെ തിരിച്ചറിയുന്ന ട്രൂകോളര്‍ പോലുള്ള ആപുകളേക്കാള് കൃത്യതയും സുതാര്യതയും കൊണ്ടുവരാനും വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കും. അനാവശ്യമായ വാണിജ്യ വിളികള്‍ അല്ലെങ്കില്‍ സ്പാം കോളുകളും സന്ദേശങ്ങളും തടയാന്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയും ട്രായ് നടപ്പാക്കിയിട്ടുണ്ട്.ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍നിന്ന് കോള്‍ വന്നാല്‍ പേര് ദൃശ്യമാക്കുന്ന ട്രൂകോളര്‍ സ്വകാര്യ ആപ് ആണ്. ട്രൂകോളര്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇത് സാധ്യമാക്കുന്നത്. ഒരാളുടെ നമ്പര്‍ പലരുടെയും ഫോണില്‍ പലതരത്തിലാകും സേവ് ചെയ്തിരിക്കുക. അതില്‍ ഒരുപോലെ ഏറ്റവും കൂടുതല്‍ വരുന്ന പേരാണ് ട്രൂകോളര്‍ എടുക്കുക. ടെലികോം വകുപ്പ് കൊണ്ടുവരുന്ന സംവിധാനത്തില്‍ തിരിച്ചറിയല്‍ രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോള്‍ ഫോണില്‍ ദൃശ്യമാകുക.
