ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. കേസില്‍ കോടതി ശിക്ഷ ഇന്ന് വിധിക്കും. ശിക്ഷാ വിധി കേള്‍ക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമന്‍ നായര്‍ കോടതിയിലേക്ക് പുറപ്പെട്ടു. കിരണ്‍ കുമാറിന് സ്ത്രീധനമായി നൽകിയ കാറിലാണ് വിസ്മയയുടെ പിതാവ് കോടതിയിലേക്ക് പോയത്.
‘വിധി കേള്‍ക്കുന്ന നേരം ഈ വണ്ടി അവിടെ വേണം, മകളുടെ മരണത്തിന് ശേഷം ഇതുവരെ ഈ വണ്ടി എടുത്തിട്ടില്ല. മോനാണ് വണ്ടി ഓടിച്ചുകൊണ്ടിരുന്നത്. ഇന്ന് വിധി കേള്‍ക്കാന്‍ മോളുടെ ആത്മാവ് വണ്ടിക്കുള്ളിലുണ്ടാകും. അവള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള വണ്ടിയായിരുന്നു ഇത്. വിസ്മയയും ഞാനും മകനും കൂടി പോയാണ് ഈ കാറ് എടുക്കുന്നത്. അതുകൊണ്ട് വിധി കേള്‍ക്കാനായി എന്റെ മോള് ഈ വണ്ടിയ്ക്ക് അകത്തുണ്ട്. അതുകൊണ്ടാണ് ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്- വികാരാധീനനായി വിസ്മയയുടെ അച്ഛന് പറയുന്നു.
